ആര്‍. അശ്വിന്‍റെ വിരമിക്കല്‍ ടീമിലെ അവഗണനയില്‍ മനംമടുത്തിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ടീമിന് തന്നെ ആവശ്യമില്ലെങ്കില്‍ താന്‍ കളി മതിയാക്കുന്നതാണ് നല്ലതെന്ന് അശ്വിന്‍ പറഞ്ഞതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ടീമിലെ അവഗണനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നത്.
ബിസിസിഐയോട് പോലും താരം കൂടിയാലോചിച്ചില്ലെന്നും പെര്‍ത്ത് ടെസ്റ്റില്‍ പുറത്തിരുത്തിയത് അശ്വിനെ മുറിവേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂസീലന്‍ഡിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ തന്നെ വിരമിക്കല്‍ തീരുമാനം അശ്വിന്‍റെ മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 537 ടെസ്റ്റ് വിക്കറ്റുകള്‍ നേടി, അഭിമാനത്തോടെ ടീമിന്‍റെ നെടുന്തൂണായിരുന്ന അശ്വിന്‍, റിസര്‍വ് ബെഞ്ചിലിരുന്ന് കളി ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്ന താരമല്ലെന്നും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു.ടീമിലിടം കിട്ടുമെന്ന് ഉറപ്പില്ലെങ്കില്‍ ഓസ്ട്രേലിയയിലേക്ക് പോലും പോകാന്‍ താരം തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടീമിനൊപ്പം ഓസ്ട്രേലിയയിലെത്തിയ അശ്വിന് പക്ഷേ പെര്‍ത്ത് ടെസ്റ്റില്‍ ടീമില്‍ ഇടമുണ്ടായില്ല. വാഷിങ്ടണ്‍ സുന്ദറിനെയാണ് പകരം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇത് അശ്വിനെ വല്ലാതെ ഉലച്ചുവെന്നാണ് റിപ്പോര്‍ട്ട്. അഡ്ലെയ്ഡില് രോഹിതിന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അശ്വിന്‍ ടീമില്‍ ഇടംപിടിച്ചതും. ഗാബയില്‍ വീണ്ടും അശ്വിന്‍ പുറത്തിരുന്നു. പകരം രവീന്ദ്ര ജഡേജയാണ് ടീമില്‍ ഇടംപിടിച്ചത്. സാഹചര്യം ഇങ്ങനെയായതോടെ മെല്‍ബണിലും സിഡ്നിയിലും പ്ലേയിങ് ഇലവന്‍ എങ്ങനെയാകുമെന്ന കാര്യവും അനിശ്ചിതത്വത്തിലായി. ഇതോടെയാണ് വിരമിക്കല്‍ തീരുമാനവുമായി അശ്വിന്‍ മുന്നോട്ട് പോയതും.
സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും അശ്വിന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അശ്വിനെ പോലെയൊരു ഇതിഹാസത്തിന് കളി എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ബിസിസിഐയിലെ ഉന്നതന്‍ പിടിഐയോട് പ്രതികരിച്ചു.
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയിലും ഇന്ത്യ രണ്ടില്‍ കൂടുതല്‍ സ്പെഷലിസ്റ്റ് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്താന്‍ സാധ്യതയില്ല. ഹോം ടെസ്റ്റുകള്‍ക്കായി വീണ്ടും ഒക്ടോബര്‍ വരെ കാത്തിരിക്കുകയും വേണം. 10 മാസത്തോളം കാത്തിരിക്കുമ്പോള്‍ അശ്വിന് 40 വയസിലെത്തുകയും ഇന്ത്യന്‍ ടീമിലെ മാറ്റം പൂര്‍ണമാവുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകുന്നതിന് മുന്‍പ് വിരമിക്കുകയെന്ന നിലപാടിലേക്ക് അശ്വിന്‍ എത്തുകയായിരുന്നുവെന്നും വിലയിരുത്തലുണ്ട്. വാഷിങ്ടണ്‍ സുന്ദറിന് വേണ്ടി തന്നെ പുറത്തിരുത്തിയതിലുള്ള പ്രതിഷേധമാണ് പരമ്പര പൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള വിരമിക്കല്‍ പ്രഖ്യാപനമെന്നും സൂചനയുണ്ട്.
താന്‍ പെര്‍ത്തിലെത്തിയപ്പോള്‍ അശ്വിന്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് രോഹിത് തുറന്ന് പറഞ്ഞിരുന്നു. ടീമിന് വേണ്ടെങ്കില്‍ കളി നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍, പിങ്ക് ബോള്‍ ടെസ്റ്റ് വരെ കാത്തിരിക്കണമെന്ന് നിര്‍ബന്ധിച്ചത് താനാണെന്നും അതിന് ശേഷമാണിത് സംഭവിച്ചതെന്നും രോഹിത് വെളിപ്പെടുത്തി. 'ഞാന്‍ ഈ സീരിസില്‍ ആവശ്യമില്ലെന്ന തോന്നല്‍' അശ്വിനുണ്ടായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ടീമിനെ ഒറ്റയ്ക്ക് പലവട്ടം ചുമലിലേറ്റിയിട്ടുള്ള താരമാണ് അശ്വിനെന്നും ഒന്നരപ്പതിറ്റാണ്ടോളം ടീമിനൊപ്പമുണ്ടായിരുന്ന അശ്വിന് സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും അത് അംഗീകരിക്കുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരമ്പരയ്ക്ക് ശേഷം വിരമിക്കല്‍ പ്രഖ്യാപനം മതിയായിരുന്നുവെന്ന അഭിപ്രായമാണ് ഹര്‍ഭജന്‍ സിങ് പങ്കുവച്ചത്. ' പ്രതിഭയും പ്രതിഭാസവുമായിരുന്നു അശ്വിന്‍. സിഡ്നിയിലും മെല്‍ബണിലും കൂടി അശ്വിന്‍ കളിക്കണമായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. പക്ഷേ വിരമിക്കല്‍ തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണെ'ന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. കളിക്കാതെ ടീമിനൊപ്പം തുടരുന്നതില്‍ അര്‍ഥമുണ്ടെന്ന് അശ്വിന് തോന്നിക്കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.