മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചറെ മാറ്റിയാണ് മുംബൈ ഇന്ത്യന്‍സ് ജയവര്‍ധനയെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ബൗച്ചറിന് കീഴില്‍ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.
2017 മുതല്‍ 2022 വരെ ജയവര്‍ധനെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍. 2022ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് എന്ന ചുമതല ജയവര്‍ധനെ ഏറ്റെടുക്കുകയായിരുന്നു. ജയവര്‍ധനെയ്ക്ക് കീഴില്‍ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കാണ് മുംബൈ എത്തിയത്.
ബൗച്ചറിന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് 2023 സീസണില്‍ പ്ലേഓഫിലെത്തി. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു. എന്നാല്‍ 2024 സീസണ്‍ മുംബൈ ഇന്ത്യന്‍സിന് ദുരന്തമാവുകയായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് ജയിച്ചത് നാലെണ്ണത്തില്‍ മാത്രം.
ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ഏതെല്ലാം കളിക്കാരെ ടീമില്‍ നിലനിര്‍ത്തണം എന്ന് തീരുമാനിക്കുകയാണ് ജയവര്‍ധനെയ്ക്ക് മുന്‍പിലെത്തുന്ന ആദ്യ ഉത്തരവാദിത്വം. ഒക്ടോബര്‍ 31നാണ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി.
ആറ് താരങ്ങളെയാണ് താര ലേലത്തിന് മുന്‍പ് ഓരോ ഫ്രാഞ്ചൈസിക്കും ടീമില്‍ നിലനിര്‍ത്താനുള്ളത്. ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ബുമ്ര എന്നിവരെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത. ഇഷാന്‍ കിഷനേയും തിലക് വര്‍മയേയും മുംബൈക്ക് പരിഗണിക്കേണ്ടതുണ്ട്.