ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഏതെല്ലാം കളിക്കാരെ നിലനിര്‍ത്തും ആരെയെല്ലാം റിലീസ് ചെയ്യും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടയില്‍ പല വമ്പന്‍ താരങ്ങളുടെ ടീം മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ശ്രേയസ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് എത്തിയേക്കും എന്നതാണ് റിപ്പോര്‍ട്ടുകളിലൊന്ന്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപാറ്റനാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ശ്രേയസിനെ സ്വന്തമാക്കാന്‍ രണ്ട് ഫ്രാഞ്ചൈസികള്‍ താത്പര്യം അറിയിച്ചതായാണ് സൂചന. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ശ്രേയസിനെ ടീമില്‍ നിലനിര്‍ത്തിയേക്കില്ല എന്നും ആര്‍സിബിയും പഞ്ചാബ് കിങ്സും താരത്തെ ലേലത്തില്‍ ലക്ഷ്യമിടുമെന്നുമാണ് റിപ്പോര്‍ട്ട്.
ഡുപ്ലേസിസിനെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നീക്കി പുതിയൊരു ക്യാപ്റ്റനെ ആര്‍സിബി ലക്ഷ്യമിട്ടേക്കും. ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ അയ്യരെ ടീമിലെത്തിക്കുന്നത് ഗുണകരമാവും എന്നാണ് പഞ്ചാബ് കിങ്സിന്‍റെ വിലയിരുത്തല്‍. അടുത്ത ഏതാനും സീസണുകള്‍ ശ്രേയസിനെ കേന്ദ്രമാക്കി വെച്ച് പഞ്ചാബിന് ടീം പടുത്തുയര്‍ത്താനാവും.
ശ്രേയസ് അയ്യരിനെ റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ കൊല്‍ക്കത്ത ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 446 റണ്‍സ് ആണ് പന്ത് കണ്ടെത്തിയത്. 18 കോടി എന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍പോട്ട് വെച്ച തുകയില്‍ പന്ത് തൃപ്തനല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.