ഐപിഎല്‍ 2025 സീസണില്‍ എം.എസ്. ധോണി കളിക്കുമോ ഇല്ലയോ എന്ന അഭ്യൂഹത്തിന് വിരാമമാകുന്നു. അടുത്ത സീസണില്‍ കളിക്കും എന്ന സൂചനയാണ് ധോണിയില്‍ നിന്ന് വരുന്നത്. സോഫ്റ്റ്വയര് ബ്രാന്‍ഡിന്‍റെ പ്രമോഷനില്‍ പങ്കെടുക്കുമ്പോഴുള്ള ധോണിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
എനിക്ക് കളിക്കാന്‍ സാധിക്കുന്ന അവസാന ഏതാനും വര്‍ഷങ്ങള്‍ ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് പോലെ പ്രൊഫഷണല്‍ സ്പോര്‍ട്സ് കളിക്കുമ്പോള്‍ അത് ആസ്വദിച്ച് കളിക്കാനാവുക എന്നത് എളുപ്പമല്ല. വൈകാരികത എല്ലായ്പ്പോഴും ഉണ്ടാവും. അടുത്ത ഏതാനും വര്‍ഷം കളിക്കുന്നത് ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ധോണി പറയുന്നു.
9 മാസത്തോളം എനിക്ക് എന്‍റെ ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ വന്നാലെ എനിക്ക് രണ്ടര മാസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ കളിക്കാന്‍ സാധിക്കുകയുള്ളു. അത് പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അതിനൊപ്പം തന്നെ ആസ്വദിക്കേണ്ടതുമുണ്ട്, ധോണി പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ക്യാപ്റ്റന്‍സി ഋതുരാജ് ഗയ്ക്വാദിന്റെ കൈകളിലേല്‍പ്പിച്ചത്. സീസണില്‍ അവസാന ഓവറുകളില്‍ ബാറ്റിങ്ങിന് ഇറങ്ങി ബൗണ്ടറികളും സിക്സുകളും കണ്ടെത്തി ധോണി ആരാധകരുടെ കയ്യടി നേടിയിരുന്നു.