ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അക്കാദമിയില്‍ ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്രയ്ക്ക് ബാറ്റിങ് പരിശീലനം നടത്താന്‍ അനുവാദം നല്‍കിയതിനെതിരെ ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ. രാജ്യത്തിന്റെ താത്പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നീക്കത്തെ വിമര്‍ശിച്ച് റോബിന്‍ ഉത്തപ്പ പറയുന്നത്.
'രചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അക്കാദമിയില്‍ പരിശീലനം നടത്തി. ചെന്നൈ എല്ലായ്പ്പോഴും തങ്ങളുടെ കളിക്കാരെ നല്ല രീതിയില്‍ നോക്കുന്ന ഫ്രാഞ്ചൈസിയാണ്. എന്നാല്‍ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ എന്നതില്‍ ഉപരി രാജ്യ താത്പര്യത്തിന് ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍തൂക്കം നല്‍കേണ്ടിയിരുന്നു. ഒരു അതിര്‍വരമ്പ് അവിടെ ചെന്നൈ സൂപ്പര്‍ കിങ്സ് വരയ്ക്കേണ്ടിയിരുന്നു. പ്രത്യേകിച്ച് ഒര വിദേശ താരം നമ്മുടെ രാജ്യത്തിന് എതിരെ കളിക്കാന്‍ വരുമ്പോള്‍, റോബിന്‍ ഉത്തപ്പ പറയുന്നു.
ഞാന്‍ ഈ പറയുന്നത് ചിലപ്പോള്‍ ശരിയായ കാര്യമായിരിക്കില്ല. ഞാന്‍ എല്ലാ അര്‍ഥത്തിലും ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ രാജ്യത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒരു അതിര്‍വരമ്പ് ഇടേണ്ടിയിരുന്നു, റോബിന്‍ ഉത്തപ്പ പറഞ്ഞു. എന്നാല്‍ റോബിന്‍ ഉത്തപ്പയുടെ പരാമര്‍ശത്തെ എതിര്‍ത്തും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലന്‍ഡ് 3-0ന് തൂത്തുവാരിയപ്പോള്‍ കീവിസിന്റെ റണ്‍വേട്ടയില്‍ ഒന്നാമത് നിന്നത് രചിന്‍ ആയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശീലനം നടത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രചിനെ അനുവദിച്ചതിനാലാണ് ഇതെന്നാണ് റോബിന്‍ ഉത്തപ്പ ഉള്‍പ്പെടെ പലരും അഭിപ്രായപ്പെടുന്നത്. 256 റണ്‍സ് ആണ് ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി രചിന്‍ രവീന്ദ്ര നേടിയത്.