കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തി മുന്‍പിലെത്തിയിട്ടും ഫാസ്റ്റ് ബോളര്‍ ഖലീല്‍ അഹ്മദിനെ റിലീസ് ചെയ്യാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. താര ലേലത്തിലേക്ക് രണ്ട് കോടി അടിസ്ഥാന വിലയായി എത്തിയ ഖലീലിന് വേണ്ടി ആദ്യമിറങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്സ്. പിന്നാലെ ലഖ്നൗവും. എന്നാല്‍ ലഖ്നൗ പിന്മാറിയതോടെ 4.8 കോടി രൂപയ്ക്ക് ഖലീല്‍ ചെന്നൈയില്‍. ഖലീല്‍ അഹ്മദിനെ ഈ തുകയ്ക്ക് സ്വന്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തന്ത്രപരമായ നീക്കം എന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്.
വിശ്വസിക്കാവുന്ന ന്യൂബോള്‍ ബോളര്‍
ന്യൂബോളില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി ബാറ്റേഴ്സിനെ വിറപ്പിക്കാന്‍ ശേഷിയുള്ള ബോളറാണ് ഖലീല്‍ അഹ്മദ്. എതിര്‍ നിരയിലെ പരിചയസമ്പത്തുള്ള ബാറ്റേഴ്സിനെ വീഴ്ത്താന്‍ സാധിക്കുമെന്ന് കഴിഞ്ഞ സീസണിലും ഖലീല്‍ തെളിയിച്ചിരുന്നു. രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഉള്‍പ്പെടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അത്. ഐപിഎല്ലിില്‍ ഖലീല്‍ വീഴ്ത്തിയ വിക്കറ്റുകളില്‍ 48.6 ശതമാനവും ടോപ് ഓര്‍ഡര്‍(1-3) ബാറ്റേഴ്സാണ്.
ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും നാല് ഓവറില്‍ ആദ്യ മൂന്ന് ഓവറും ഇന്നിങ്സിന്റെ ആദ്യ പകുതിയില്‍ തന്നെ നല്‍കാനാവും എന്ന മുന്‍തൂക്കവും കാര്യങ്ങള്‍ ഖലീല്‍ അഹ്മദിന് അനുകൂലമാക്കുന്നു. കഴിഞ്ഞ സീസണില്‍ ഡെത്ത് ഓവറുകളില്‍ തന്റെ സ്ലോവര്‍ ഡെലിവറികളിലൂടേയും കട്ടേഴ്സിലൂടെയും വേരിയേഷനുകള്‍ കൊണ്ടുവന്ന് ഖലീല്‍ ബാറ്റേഴ്സിനെ കുഴക്കി. ചെന്നൈ സൂപ്പര്‍ കിങ്സില്‍ മതീഷ പതിരാനയ്ക്കൊപ്പം നിന്ന് കളിയുടെ ഗതി തിരിക്കാന്‍ ഖലീലിന് സാധിച്ചേക്കും.
കൃത്യമായ ഇടവേളകളില്‍ ബ്രേക്ക്ത്രൂ
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള ബോളറാണ് ഖലീല്‍. 57 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഖലീല്‍ വീഴ്ത്തിയത് 74 വിക്കറ്റ്. ഐപിഎല്ലില്‍ വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടം ഖലീലിന്റെ പേരിലാണ്. 2019 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലെത്തിയപ്പോള്‍ 19 വിക്കറ്റാണ് ഖലീല്‍ വീഴ്ത്തിയത്.
ഈ തുകയ്ക്ക് ലാഭം!
ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഫോമും ഐപിഎല്ലിലെ മികച്ച ട്രാക്ക് റെക്കോര്‍ഡും നോക്കുമ്പോള്‍ 4.8 കോടി എന്ന തുകയ്ക്ക് ഖലീലിനെ സ്വന്തമാക്കാനായത് ചെന്നൈയുടെ നേട്ടമാണ്. അര്‍ഷ്ദീപ് സിങ്, ടി നടരാജന്‍, ആവേശ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ക്ക് വന്‍ തുക മുടക്കേണ്ടി വന്നു. എന്നാല്‍ ഖലീലിനെ ഈ തുകയ്ക്ക് സ്വന്തമാക്കിയത് ചെന്നൈയുടെ തന്ത്രപരമായ നീക്കമാണ്.