വില്‍ ജാക്സിനായി ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാതിരുന്നതിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിന്‍റെ ടേബിളിലെത്തി നന്ദി പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ടീം ഉടമ ആകാശ് അംബാനി. താര ലേലത്തിന്‍റെ രണ്ടാം ദിനം രണ്ട് കോടി രൂപ അടിസ്ഥാന വിലയായാണ് വില്‍ ജാക്സിന്‍റെ പേര് എത്തിയത്. തുടക്കം മുതല്‍ വില്‍ ജാക്സിനായി മുംബൈ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വില്‍ ജാക്സിനായി ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആര്‍സിബി നോ പറഞ്ഞതോടെ മുംബൈ ഇന്ത്യന്‍സിന്‍റെ ടേബിളില്‍ കയ്യടികള്‍ ഉയര്‍ന്നു.
പഞ്ചാബ് കിങ്സ് ആയിരുന്നു വില്‍ ജാക്സിന് വേണ്ടി മുംബൈയോട് താര ലേലത്തില്‍ മത്സരിച്ചത്. ഒടുവില്‍ 5.10 കോടി രൂപയ്ക്ക് മുംബൈ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കി. വില്‍ ജാക്സിന് സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷം മുംബൈ ക്യാംപില്‍ പ്രകടമായിരുന്നു. ആകാശ് അംബാനി ആര്‍സിബി ടേബിളിന് അടുത്തേക്ക് എത്തി ആര്‍സിബി മാനേജ്മെന്റിനോട് ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാതിരുന്നതിന് നന്ദി പറയുകയും ചെയ്തു. താര ലേലത്തിന് മുന്‍പ് ടീമില്‍ നിന്ന് റിലീസ് ചെയ്ത ഒരു താരത്തെ ലേലത്തില്‍ ആ ഫ്രാഞ്ചൈസിക്ക് വീണ്ടും സ്വന്തമാക്കാന്‍ കഴിയുന്നതാണ് ആര്‍ടിഎം കാര്‍ഡ്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മികച്ച സ്ട്രൈക്ക്റേറ്റില്‍ കളിക്കാന്‍ വില്‍ ജാക്സിന് സാധിച്ചിരുന്നു. 8 മത്സരങ്ങളില്‍ നിന്ന് 230 റണ്‍സ് ആണ് സീസണില്‍ വില്‍ ജാക്സ് സ്കോര്‍ ചെയ്തത്. സ്ട്രൈക്ക്റേറ്റ് 175ന് മുകളില്‍. സീസണില്‍ ഒരു സെഞ്ചറിയിലേക്കും താരം എത്തി. ആര്‍സിബി പ്ലേഓഫിലെത്തിയതില്‍ ജാക്സിന്റെ പങ്കും നിര്‍ണായകമായിരുന്നു. എന്നാല്‍ താര ലേലത്തില്‍ ജാക്സിനായി ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കേണ്ട എന്നായിരുന്നു ബാംഗ്ലൂരിന്റെ തീരുമാനം.