ഇംഗ്ലണ്ടിനെതിരായ സീരിസില്‍ 2-0 ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. ബാറ്റിങിലും ബോളിങിലും ഇന്ത്യന്‍ യുവനിര മികച്ച പ്രകടനം നടത്തുമ്പോള്‍ ഇന്ത്യന്‍ പിച്ചില്‍ ഇംഗ്ലീഷ് താരനിര പാടുപെടുകയാണ്. ക്യാപ്റ്റന്‍ ജോസ് ബട്ട്‍ലര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താനായില്ല.
രണ്ട് മാസത്തിനപ്പുറം ഐപിഎല്‍ ആരംഭിക്കാനിരിക്കെ ഇംഗ്ലീഷ് താരങ്ങളെ ടീമിലെടുത്ത ഫ്രാഞ്ചൈസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് താരങ്ങളുടെ പ്രകടനം. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ മൂന്ന് താരങ്ങളാണ് മോശം ഫോമില്‍ വലയുന്നത്. ഐപിഎല്‍ മെഗാതാരലേലത്തില്‍ കോടിക്കിലുക്കത്തിനാണ് മൂവരും ആര്‍സിബിയിലെത്തിയത്. ലിവിങ്സ്റ്റണിന് 8.75 കോടി രൂപയും സാള്‍ട്ടിന് 11.50 കോടി രൂപയും ബെഥേലിന് 2.6 കോടി രൂപയുമാണ് ആര്‍സിബി ചെലവാക്കിയത്.
ഫിൽ സാൾട്ട്, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ എന്നിവരാണ് ആര്‍സിബി ഇത്തവണ ലേലത്തിലെടുത്ത ഇംഗ്ലീഷ് താരങ്ങള്‍. രണ്ട് ട്വന്‍റി 20 മത്സരങ്ങള്‍ കഴിയുമ്പോള്‍ താരങ്ങളുടെ മോശം ബാറ്റിങ്ങാണ് പ്രതിസന്ധി. ആദ്യ രണ്ട് ട്വന്‍റി 20യിലും അര്‍ഷ്ദീപിന്‍റെ ആദ്യ ഓവറില്‍ തന്നെ സാള്‍ട്ട് പുറത്തായി. ആദ്യ മത്സരത്തില്‍ ഡക്കും രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനുമാണ് പുറത്താകല്‍. 2024 ഐപിഎല്‍ സീസണിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സാള്‍ട്ട് മോശം ഫോമിലാണ്.
ലിവിങ്സ്റ്റണും ആദ്യ മത്സരത്തില്‍ ഡക്കായിരുന്നു. രണ്ടാം മത്സരത്തില്‍ 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സെടുത്ത ജേക്കബ് ബെഥേൽ രണ്ടാം മത്സരം കളിച്ചില്ല.
മാര്‍ച്ച് 22 നാണ് ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുന്നത്. ആര്‍സിബിയും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം.