ട്രയല്‍സിനായി നാഗ്പൂരിലേക്ക് എത്തിയ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയോട് രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് നിര്‍ദേശിച്ചത് ഒരോവറില്‍ നിന്ന് 17 റണ്‍സ് നേടാനായിരുന്നു. മൂന്ന് സിക്സടിച്ച് സൂര്യവന്‍ശി റാത്തോഡിനെ ഞെട്ടിച്ചു. ട്രയല്‍സില്‍ ആകെ സൂര്യവന്‍ശിയില്‍ നിന്ന് വന്നത് എട്ട് സിക്സും നാല് ഫോറും..അവന്‍ ഇപ്പോള്‍ എന്റെ മാത്രം മകനല്ല, ബിഹാറിന്റെ ആകെ മകനാണ്, താര ലേലത്തില്‍ കോടിപതിയായി വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ സൂര്യവന്‍ശിയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ.
13 വയസും എട്ട് മാസവും പ്രായമുള്ള സൂര്യവന്‍ശിയെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. താര ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സൂര്യവന്‍ശി. സൂര്യവന്‍ശിക്ക് 15 വയസാണ് പ്രായം എന്ന നിലയില്‍ ഉയര്‍ന്ന വിവാദങ്ങളോടും താരത്തിന്റെ പിതാവ് പ്രതികരിക്കുന്നു. എട്ട് വയസ് പ്രായമുള്ളപ്പോള്‍ സൂര്യവന്‍ശി ബിസിസിഐയുടെ ബോണ്‍ ടെസ്റ്റിന് വിധേയമായതാണ്. ഇന്ത്യ അണ്ടര്‍ 19 ടീമിനായി സൂര്യവംശി കളിച്ചു കഴിഞ്ഞു. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. ഇനിയും പ്രായ പരിശോധനയ്ക്ക് വിധേയമാവാന്‍ തയ്യാറാണ്, സൂര്യവന്‍ശിയുടെ പിതാവ് സഞ്ജീവ് പറയുന്നു.
എന്റെ മകന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. എട്ടാം വയസില്‍ അണ്ടര്‍ 16 ഡിസ്ട്രിക്റ്റ് ട്രയല്‍സില്‍ മികവ് കാണിച്ചു. എന്റെ ഭൂമി വിറ്റാണ് അവന്റെ പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഞങ്ങളെ അലട്ടുന്നുണ്ട്. കോടികളുടെ പണക്കണക്കൊന്നും അവന് വേണ്ടത്ര മനസിലാവുന്ന പ്രായമല്ല. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിലേക്ക് അവന്റെ ശ്രദ്ധ പോകാതെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ വരുത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.
30 ലക്ഷം രൂപയായിരുന്നു സൂര്യവന്‍ശിയുടെ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നു സൂര്യക്കായി ആദ്യം താര ലേലത്തില്‍ ഇറങ്ങിയത്. പിന്നാലെ രാജസ്ഥാനും. ഒടുവില്‍ ഡല്‍ഹിയെ മറികടന്ന് കുട്ടി താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 2023-2024 രഞ്ജി ട്രോഫിയില്‍ ബിഹാറിനായാണ് വൈഭവിന്‍റെ ക്രിക്കറ്റ് അരങ്ങേറ്റം. അതും 12 വയസും 284 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍. അതൊരു റെക്കോര്‍ഡായിരുന്നു.15 വയസും 57 ദിവസവും പ്രായമുള്ളപ്പോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് സിങും 15 വയസും 130 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും പിന്നിലാക്കിയായിരുന്നു ആ അരങ്ങേറ്റം.