ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്ക്. വിദേശ ലീഗുകളിലേക്ക് ബിസിസിഐ അവരുടെ താരങ്ങളെ അയക്കുന്നില്ല. അതിനാല്‍ ഇന്ത്യന്‍ ലീഗിലേക്ക് താരങ്ങളെ അയക്കില്ലെന്ന് മറ്റു ക്രിക്കറ്റ് ബോര്‍ഡുകളും നിലപാടെടുക്കണമെന്നാണ് ഇന്‍സമാമിന്‍റെ ആവശ്യം.
ചാംപ്യന്‍സ് ട്രോഫി മാറ്റി നിര്‍ത്താം. ഐപിഎല്ലില്‍ ലോകത്തെ എല്ലാ പ്രധാന താരങ്ങളും കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ട് എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും അവരുടെ താരങ്ങളെ ഐപിഎല്ലിന് അയക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇന്‍സമാം പാക്കിസ്ഥാനിലെ പ്രാദേശിക ചാനലിനോട് പറഞ്ഞത്. നിങ്ങളുടെ കളിക്കാരെ ഏതെങ്കിലും ലീഗിലേക്ക് വിട്ടയച്ചില്ലെങ്കിൽ, മറ്റ് ബോർഡുകൾ ഒരു നിലപാട് എടുക്കേണ്ടതല്ലേ എന്നും ഇന്‍സമാം ചോദിച്ചു.
വിരമിച്ച ശേഷം മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. കഴിഞ്ഞ വര്‍ഷം വിരമിച്ച ദിനേശ് കാര്‍ത്തിക്ക് ദക്ഷിണാഫ്രിക്കന്‍ ലീഗായ എസ്എ20 യില്‍ കളഴിച്ചിരുന്നു. യുവരാജ് സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ കാനഡ, ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗുകളുടെ ഭാഗമായതും വിരമിച്ച ശേഷമായിരുന്നു.
മാര്‍ച്ച് 22 നാണ് ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേര്‍സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. ഏപ്രില്‍ 11 മുതല്‍ മേയ് 18 വരെയാണ് പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുക.