2025 ലെ ഐപിഎല്ലിന് മുന്നോടിയായി, പുകയില, മദ്യം എന്നിവയുടെ എല്ലാ പ്രമോഷനുകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യൻ പ്രീമിയർ ലീഗിന് കത്ത് നൽകി. ആരോഗ്യ സേവന ഡയറക്ടർ ജനറൽ അതുൽ ഗോയൽ ചെയർമാൻ അരുൺ ധുമലിന് അയച്ച കത്തിൽ ക്രിക്കറ്റ് കളിക്കാരോട് പുകയിലയുടെയോ മദ്യത്തിന്റെയോ പരസ്യങ്ങളിൽ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെടരുത് എന്നും പറഞ്ഞിട്ടുണ്ട്.
ചട്ടങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും കത്തിലുണ്ട്. ഐപിഎല്‍ വേദികളിലോ, ചടങ്ങുകളിലോ, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ്ങിലോ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യയിൽ , ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ഗണ്യമായി വര്‍ധിക്കുന്നുണ്ടെന്നും. ഇവ പ്രതിവർഷം 70% ത്തിലധികം മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുകയിലയും മദ്യത്തിന്റെ ഉപയോഗവും ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്. ലോകമെമ്പാടുമുള്ള പുകയില സംബന്ധമായ മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഏകദേശം 14 ലക്ഷം മരണങ്ങളാണ് വര്‍ഷത്തില്‍ സംഭവിക്കുന്നത്.ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ ക്രിക്കറ്റ് കളിക്കാർ യുവാക്കൾക്ക് മാതൃകകളാണ്. രാജ്യത്തെ ഏറ്റവും വലിയ കായിക വേദിയായ ഐപിഎല്ലിന് പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാരിന്റെ ആരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സാമൂഹികവും ധാർമ്മികവുമായ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.