image Credit: Facebook.com/corbin.bosch
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊപ്പം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വന്നതോടെ കളിക്കാരെ കിട്ടാത്ത പ്രതിസന്ധിയായിരുന്നു നേരത്തെ. ഇപ്പോഴിതാ കരാറിലെത്തിയ താരം കൈവിട്ടു പോകുന്ന വാര്‍ത്തയാണ് പാക് ലീഗില്‍ നിന്ന്. കരാര്‍ റദ്ദാക്കി മുംബൈ ഇന്ത്യന്‍സിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം കോർബിൻ ബോഷിന് നോട്ടീസ് അയച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
രണ്ട് ലീഗും ഒരേ സമയക്രമത്തില്‍ നടക്കുന്നതിനാല്‍ പല വിദേശ ക്രിക്കറ്റ് താരങ്ങളും തിരഞ്ഞെടുക്കുന്നത് ഐപിഎല്ലാണ്. മികച്ച ശമ്പളവും എക്സ്പോഷറും അടക്കം ഘടകമാണ്. എന്നാല്‍ ഐപിഎല്ലില്‍ ആരും വാങ്ങാതിരുന്നതോടെ ദക്ഷിണാഫ്രിക്കന്‍ താരം കോർബിൻ ബോഷ് പെഷവാർ സാൽമിയില്‍ കരാറിലെത്തി. 50-75 ലക്ഷം രൂപ വരുന്ന ഡയമണ്ട് കാറ്റഗറിയിലാണ് താരത്തെ ടീമിലെടുത്തത്.
മുംബൈ ഇന്ത്യന്‍സ് 75 ലക്ഷത്തിന് ലേലം കൊണ്ട് ലിസാഡ് വില്യംസിന് പരിക്കേറ്റതോടെയാണ് ബോഷിനെ ഐപിഎല്ലിലേക്ക് വിളിക്കുന്നത്. എസ്എ20 ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഉടമസ്ഥരായുള്ള എംഐ കേപ് ടൗണ്‍ താരമാണ് ബോഷ്. ഏഴു മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഈ ബന്ധമാണ് ബോഷിനെ മുംബൈയിലേക്ക് അടുപ്പിച്ചത്. എന്നാല്‍ മുംബൈയിലെ കരാര്‍ തുക എത്രയെന്ന് വ്യക്തമല്ല.
എന്നാല്‍ ബോഷിന്‍റെ തീരുമാനത്തില്‍ പാക് ബോര്‍ഡ് തൃപ്തരല്ല. പ്രൊഫഷണൽ കരാറിൽ നിന്ന് പിന്മാറിയതിന് കളിക്കാരനോട് ന്യായീകരണം ആവശ്യപ്പെട്ടാണ് പിസിബിയുടെ ലീഗില്‍ നോട്ടീസ്. നോട്ടീസ് ലഭിച്ചതോടെ ഇത് പരിഹരിക്കേണ്ട് മുംബൈ ഇന്ത്യന്‍സും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും ബിസിസിഐയുമാണ്.
2016 ല്‍ പിഎസ്‍എല്‍ ആരംഭിച്ചതിന് ശേഷം ഐപിഎല്ലിന്‍റെ സമയക്രമത്തില്‍ മത്സരം സംഘടിപ്പിക്കുന്നത് ആദ്യമായാണ്. സാധാരണ ഫെബ്രുവരി– മാര്‍ച്ച് മാസങ്ങളിലാണ് പിഎസ്‍എല്‍ മത്സരങ്ങള്‍ നടക്കുന്നത്. ചാംപ്യന്‍സ് ട്രോഫിയും പാക്കിസ്ഥാന്‍റെ രാജ്യാന്തര മത്സരങ്ങളും കാരണമാണ് ഏപ്രില്‍– മേയ് മാസങ്ങളിലേക്ക് ടൂര്‍ണമെന്‍റ് നീണ്ടത്. മാര്‍ച്ച് 22 മുതല്‍ മേയ് 25 വരെയാണ് ഐപിഎല്‍. പിഎസ്എല്‍ മത്സരങ്ങള്‍ ഏപ്രില്‍ 11 മുതല്‍ മേയ് 25 വരെയാണ്.