2021 സീസണില്‍ കയ്യിലെത്തിയ നായകസ്ഥാനം, രജാസ്ഥാന്‍ റോയല്‍സ് ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെയാണ് സഞ്ജു സാംസണ്‍ നിര്‍വഹിച്ചതെന്ന് തെളിയിക്കുന്നതാണ് മത്സരങ്ങളിലെ റിസള്‍ട്ട്. 2022 ൽ റണ്ണേഴ്സ്, 2023 ൽ അഞ്ചാം സ്ഥാനം, 2024 ൽ മൂന്നാം സ്ഥാനം എന്നിങ്ങനെയാണ് സഞ്ജുവിന്‍റെ കീഴില്‍ രാജസ്ഥാന്‍റെ പ്രകടനം. 

കഴിഞ്ഞ സീസണിൽ ആദ്യ ഒൻപതിൽ എട്ടും ജയിച്ചു തുടങ്ങിയ ടീമാണ് രാജസ്ഥാന്‍. പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ സഞ്ജു ടീമിനെ വീണ്ടും നയിക്കും, ഇത്തവണ രാഹുൽ ദ്രാവിഡിന്‍റെ നിർദേശങ്ങള്‍ക്ക് കീഴിലാകും സഞ്ജുവിന്‍റെയും രാജസ്ഥാന്‍റെയും ഐപിഎല്‍ സീസണ്‍. 

സഞ്ജു എന്ന ക്യാപ്റ്റന്‍

2013 മുതല്‍ രാജസ്ഥാനൊപ്പം തുടരുന്ന സഞ്ജുവിന്‍റെ ശമ്പളം 10 ലക്ഷത്തില്‍ നിന്നും 18 കോടിയിലേക്കാണ് ഉയര്‍ന്നത്. 2013 ല്‍ രാജസ്ഥാനൊപ്പമാണ് സഞ്ജു സാംസണ്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് പത്ത് ലക്ഷം രൂപയ്ക്കാണ് മലയാളി താരവുമായി രാജസ്ഥാന്‍ റോയല്‍സ് കരാറിലെത്തിയത്. 2025 മെഗാ ലേലത്തിന് മുന്‍പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ ആറു താരങ്ങളിലൊരാണ് സഞ്ജു. 18 കോടി രൂപയാണ് ഇത്തവണ സഞ്ജുവിന്‍റെ ശമ്പളം. 

2021 സീസണില്‍ സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റനായി എത്തിയ സീസണില്‍ ടീമിന് പ്ലേ ഓഫ് കടക്കാനായില്ല. പക്ഷെ ആ സീസണില്‍  484 റൺസാണ് സഞ്ജു നേടിയത്. 2022 ല്‍ സഞ്ജുവിന് കീഴില്‍ ടീം ഐപിഎല്‍ ഫൈനലിലെത്തി. 2008 സീസണില്‍ കിരീട നേട്ടത്തിന് ശേഷം ആദ്യമായാണ് രാജസ്ഥന്‍ ഫൈനലിലെത്തുന്നത്. ടീമിന നയിച്ച സീസണിലെല്ലാം 400 ന് മുകളില്‍ സഞ്ജു സ്കോര്‍ ചെയിതിട്ടുമുണ്ട്. 

ബാലന്‍സ്ഡ് ടീം

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാൾ, ഷിറോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ തുടങ്ങി ശക്തമായ ബാറ്റിങ് നിരയെ നിലനിര്‍ത്തികൊണ്ടാണ് ടീം 2025 ലെ മെഗാലേലത്തിലേക്ക് ഇറങ്ങിയത്. ബാറ്റിങിനെയും ബൗളിങിനെയും ശക്തിപ്പെടുത്തുന്നതിനായുള്ള വാങ്ങലുകള്‍ ലേലത്തിൽ കണ്ടു. 

ജോഫ്ര ആർച്ചർ, നിതീഷ് റാണ എന്നിവരുൾപ്പെടെ മികച്ച വാങ്ങലുകളും ലേലത്തിലുണ്ടായി. പരിചയ സമ്പന്നരും പുതുമുഖങ്ങളും ചേരുന്ന ബാലന്‍സ്ഡ് ടീമായാണ് രാജസ്ഥാന്‍ ഇത്തവണ ഐപിഎലിന് ഒരുങ്ങുന്നത്. ജോഫ്ര ആർച്ചര്‍ ബൗളിങ് അറ്റാക്കില്‍ പ്രധാനിയാണ്. ആർച്ചറിന്റെ വേഗതയും ഡെത്ത് ഓവറുകളിൽ പന്തെറിയാനുള്ള കഴിവുമാണ് കരുത്ത്. ഫസൽഹഖ് ഫാറൂഖി, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവരും പേസിന് കരുത്താകും.

രാജസ്ഥാനൊപ്പമുണ്ടായിരുന്ന അശ്വിനെയും യുസ്‌വേന്ദ്ര ചാഹലിനെയും തിരികെ കൊണ്ടുവരാന്‍ ലേലത്തില്‍ ശ്രമിച്ചെങ്കിലും കിട്ടിയത് ശ്രീലങ്കയുടെ വനിന്ദു ഹസരംഗയെയും മഹേഷ് തീക്ഷണയെയുമാണ്. മധ്യ ഓവറുകളിൽ ഹസരംഗ ഒരു മികച്ച വിക്കറ്റ് വേട്ടക്കാരനാണെന്നത് ടീമിന് അനുകൂലം. ‌

നിലനിര്‍ത്തിയ താരങ്ങളില്‍ തന്നെയാണ് ടീമിന്‍റെ ബാറ്റിങ് കരുത്ത്. ഇതിനൊപ്പം കൊല്‍ക്കത്തയുടെ വിശ്വസ്തന്‍ നിതീഷ് റാണയുടെ വരവ് ബാറ്റിങിനെ ശക്തിപ്പെടുത്തും. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള നിതീഷിന്‍റെ കഴിവാണ് രാജസ്ഥാന് മുതല്‍കൂട്ട്.

ബെഞ്ചില്‍ ആളില്ലാത്തത് ടീമിന് പ്രതിസന്ധി

മികച്ച ഇലവന്‍ ഉണ്ടാകമെങ്കിലും ബൗളിങ് വിഭാഗത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ടീമിന് തിരിച്ചടിയാകും, പ്രത്യേകിച്ച് പേസ് വിഭാഗത്തില്‍. ആര്‍ച്ചര്‍, ഹസരംഗ എന്നിവര്‍ ഫിറ്റ്നസിലെ പ്രശ്നക്കാരാണെന്നത് ടീമിന് തലവേദനയാകും. മറ്റു താരങ്ങളുടെ അനുഭവക്കുറവാണ് പ്രതിസന്ധി. 

രാജസ്ഥാന്‍ റോയല്‍സ് ടീം– സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ, കുമാർ കാർത്തികേയ, ആകാശ് മധ്വാൾ, നിതീഷ് റാണ, തുഷാർ ദേശ്പാണ്ഡേ, ശുഭം ദുബൈ, യുധ്‍വീര്‍ സിങ് ചരക്, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക, കുനാൽ സിംഗ് റാത്തോഡ്, അശോക് ശർമ്മ

ENGLISH SUMMARY:

Rajasthan Royals, led by Sanju Samson, gears up for IPL 2025 with key signings like Jofra Archer and Nitish Rana. Can they overcome injury concerns and clinch the title?