ഐപിഎല്‍ ക്ലാസിക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ നാലുവിക്കറ്റിന് തോല്‍പിച്ചു. 156 റണ്‍സ് വിജയലക്ഷ്യം അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന് രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ വിജയതേരാളി. 45 പന്തുകൾ നേരിട്ട രചിൻ 65 റൺസുമായി പുറത്താകാതെനിന്നു.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്‍ക്വാദ് 53 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. എന്നാല്‍ മുംബൈയ്ക്കായി അരങ്ങേറിയ മലയാളി താരം വിഘ്നേഷ് പുത്തൂരിന്‍റെ നിര്‍ണായക ബൗളിങില്‍ ചെന്നൈ സ്കോറിങിന് വേഗം ചോര്‍ന്നു. മൂന്ന് ഓവറുകളിലായി ഗെയ്‍ക്വാദ്, ശിവം ദുബൈ, ദീപ്ക് ഹൂഡ എന്നിവരെ വിഷ്നേഷ് പുറത്താക്കി. എന്നാല്‍ ജഡേജയും രചിന്‍ രവീന്ദ്രയും ചേര്‍ന്നതോടെ വിജയം മുംബൈയില്‍ നിന്നും വഴി മാറി. ജഡേജ 18 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 25 പന്തിൽ 31 റൺസെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (26 പന്തിൽ 29), ദീപക് ചാഹർ (15 പന്തിൽ 28), നമൻ ഥിർ (12 പന്തില്‍ 17) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറര്‍മാർ.