ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ മുംബൈ ബൗളിങില്‍ തിളങ്ങി മലയാളി താരം വിഘ്നേഷ് പുത്തൂര്‍. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് അടക്കം മൂന്ന് വിക്കറ്റാണ് വിഘ്നേഷ് നേടിയത്. രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്റ്റ് പ്ലെയറായാണ് വിഘ്നേഷ് ഇറങ്ങിയത്.
വിഘ്നേഷ് എറിഞ്ഞ ആദ്യ ഓവറിലാണ് നിര്‍ണായകമായ വിക്കറ്റ് വീണത്. അര്‍ധ സെഞ്ചറിയുമായി മുന്നേറിയ ഗെയ്ക്വാദിനെ വിഘ്നേഷിന്‍റെ പന്തില്‍ വില്‍ ജാക്സ് ക്യാച്ചെടുത്ത് പുറത്താക്കി. രണ്ടാം ഓവറില്‍ ശിവം ദുബൈ തിലക് വര്‍മയുടെ കയ്യിലെത്തി. ഒന്‍പത് റണ്‍ഡസെടുത്ത ശിവം ദുബൈ സിക്സടിക്കാനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു.
മൂന്ന് റണ്‍സെടുത്ത ദീപക് ഹൂഡയുടെ വിക്കറ്റും വിഘ്നേഷിനാണ്. സത്യനാരായണരാജുവിന്‍റെ ക്യാച്ചിലാണ് ഹൂഡ പുറത്തായത്. മൂന്ന് ഓവറിലായി 17 റണ്‍സ് മാത്രമാണ് വിഘനേഷ് വിട്ടുകൊടുത്തത്. മലപ്പുറം സ്വദേശിയായ 23 കാരന്‍ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറെ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തത്.
കേരള അണ്ടർ 14, അണ്ടർ 19 ടീമില്‍ കളിച്ച വിഘ്നേഷ് ഇതുവരെ സീനിയർ തലത്തിൽ കേരള ടീമിനായി കളിച്ചിട്ടില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസ് താരമായിരുന്നു വിഘ്നേഷ്. തമിഴ്‌നാട് പ്രീമിയർ ലീഗിലും താരം കളിച്ചിട്ടുണ്ട്.