രാജസ്ഥാന്‍ റോയല്‍സിന്‍റെ ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും റണ്‍സ് വഴങ്ങിയ മത്സരം മുന്‍പുണ്ടായിട്ടില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ടീം ടോട്ടല്‍ കുറിച്ചപ്പോള്‍ മുറിവേറ്റത് രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കാണ്. ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് ജോഫ്ര ആര്‍ച്ചറും. 12.50 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ ആര്‍ച്ചറെ ടീമിലെത്തിച്ചത്.
നാല് ഓവര്‍ എറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും നേടാന്‍ താരത്തിനായില്ല. ട്രാവിസ് ഹെഡ് തകര്‍ത്തടിച്ചതോടെ ആദ്യ ഓവറില്‍ 23 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. നാല് ഫോറും ഒരു സിക്സറുമാണ് ഈ ഓവറില്‍ പിറന്നത്.
ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോര്‍ഡും ആര്‍ച്ചര്‍ സ്വന്തം പേരിലാക്കി. 2024 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മോഹിത് ശര്‍മ വഴങ്ങിയ 73 റണ്‍സ് പഴങ്കഥയായി.
രാജസ്ഥാന്‍ ബൗളര്‍മാരില്‍ തുഷാര്‍ ദേഷ്പാണ്ഡെയാണ് മികച്ച് നിന്നത്. താരം 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.