സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പൊരുതിതോറ്റ് രാജസ്ഥാന്‍ റോയല്‍സ്. 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥന് 246 റണ്‍സ് മാത്രമെ നേടാനായുള്ളൂ. 66 റണ്‍സ് നേടിയ സഞ്ജു സാംസണ്‍, 70 റണ്‍സ്നേടിയ ധ്രുവ് ജുറൈല്‍ എന്നിവരാണ് രാജസ്ഥാനിലെ ടോപ്പ് സ്കോറര്‍.
37 പന്തില്‍ ഏഴ് ഫോറും നാല് സിക്സറും സഹിതമാണ് സഞ്ജു 66 റണ്‍സ് നേടിയത്. സഞ്ജു പുറത്തായതിന് പിന്നാലെ ജുറൈലും പുറത്തായി. അഞ്ച് ഫോറും ആറ് സിക്സും താരം നേടി. പിന്നീട് വന്ന െഹറ്റ്മെയര്‍ (42), ശുഭം ദുബൈ (34) എന്നിവരും സ്കോര്‍ ചെയ്തെങ്കിലും ഹൈദരാബാദിന്‍റെ സ്കോറിന് അടുത്തെത്താനായില്ല.
ഹൈദരാബാദിനായി മുഹമ്മദ് ഷമി, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സിമര്‍ജിത് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വീതം ലഭിച്ചു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടലാണിത്. പുറത്താകാതെ 106 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍, 31 പന്തില്‍ 67 റണ്‍സെടുത്ത ട്രാവിസ് ഹെഡ്, 14 പന്തില്‍ 34 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍, 15 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് റെഡ്ഡി എന്നിവരുടെ ബാറ്റിങാണ് സണ്‍റൈസേഴ്സിന്‍റെ റണ്‍മലയ്ക്ക് പിന്നില്‍. ഇഷാന്‍ കിഷന്‍ 11 ഫോറും ആറ് സിക്സും നേടി.
രാജസ്ഥാന്‍ ബൗളര്‍മാരില്‍ ആര്‍ച്ചര്‍ക്കാണ് ഏറ്റവും കൂടുതല്‍ അടി കിട്ടിയത്. നാല് ഓവര്‍ എറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങി. തുഷാര്‍ ദേഷ്പാണ്ഡെ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.