ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത്. വിജയത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയ്ക്കെതിരെ ഗുരുതര ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്. മത്സരം ജയിക്കാന്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദും ബൗളര്‍ ഖലീല്‍ അഹമ്മദും ചേര്‍ന്ന് പന്തു ചുരണ്ടിയെന്നാണ് ആരോപണം.
സമൂഹ മാധ്യങ്ങളില്‍ വൈറലാകുന്ന വിഡിയോ അടിസ്ഥാനമാക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ പന്ത് ചുരണ്ടല്‍ ആരോപണം. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്‍ക്വാദും ഖലീല്‍ അഹമ്മദുമാണ് വിഡിയോയിലുള്ളത്. ഖലീല്‍ അഹമ്മദിന് അടുത്തേക്ക് ഗെയ്‍ക്വാദ് ഓടിയെത്തുന്നതും ഗ്യാലറിയിലേക്ക് നോക്കി ഇരുവരും തമ്മില്‍ എന്തൊ കൈമാറുന്നതും വിഡിയോയിലുണ്ട്. വിഡിയോയുടെ അവസാനത്തില്‍ തിരിച്ച് നടക്കുന്ന ഗെയ്‍ക്വാദ് എന്തോ പോക്കറ്റിലിടുന്നത് കാണാം.
ഇതാണ് പന്തു ചരുണ്ടലായി വ്യാഖ്യാനിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ മുംബൈ ഇന്ത്യന്‍സോ താരങ്ങളോ ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ല. അതേസമയം ചെന്നൈ ടീമിനെതിരെയും ക്യാപറ്റനെതിരെയും നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം. താരങ്ങള്‍ തമ്മില്‍ 'ച്യൂയിംഗ് ഗം' കൈമാറിയതാകാം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഖലീല്‍ മോതിരം ഊരി ക്യാപ്റ്റന് നല്‍കിയതാണെന്നും അതാണ് ഋതുരാജ് പോക്കറ്റിലിട്ടതെന്നുമാണ് ആരാധകരുടെ വാദം.
ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ചെപ്പോക്കില്‍ വിജയകൊടി പാറിച്ചത്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം അഞ്ചുപന്ത് ശേഷിക്കെയാണ് ചെന്നൈ മറികടന്നത്. രചിന്‍ രവീന്ദ്രയുടെ 65 റണ്‍സ് പ്രകടനവും നൂര്‍ അഹമ്മദിന്‍റെ നാല് വിക്കറ്റ് നേട്ടവും ചെന്നൈ വിജയത്തിന് കാരണമായി. ഓപ്പണറായി ഇറങ്ങി 45 പന്തുകൾ നേരിട്ട രചിൻ 65 റൺസുമായി പുറത്താകാതെനിന്നു.