ഐപിഎലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് വീഴ്ത്തി താരമായ പെരിന്തല്‍മണ്ണക്കാരന്‍ വിഘ്നേഷ് പുത്തൂര്‍ ഒരു ചൈനാമാന്‍ ബോളറാണ്. എന്താണ് ചൈനാമാന്‍ ബോളിങ്? എങ്ങനെയാണ് ആ പേരു വന്നത്?
ഇടംകയ്യന്‍ ബോളര്‍ ലെഗ് സ്പിന്‍ ചെയ്യുന്നതിനെയാണ് ചൈനാമാന്‍ ബോളിങ് എന്നു പറയുന്നത്. പന്തിന്റെ മൂവ്മെന്റ്സ് മനസിലാക്കാന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടും എന്നതാണ് ചൈനാമാന്‍ ബോളിങ്ങിന്‍റെ സവിശേഷത. ലോക ക്രിക്കറ്റില്‍ ചുരുക്കംപേര്‍ മാത്രമാണ് ഈ രിതിയില്‍ പന്തെറിയുന്നത്. അവരുടെ പട്ടികയിലേക്കാണ് വിഘ്നേഷും ചുവടുവയ്ക്കുന്നത്. നിലവില്‍ കളിക്കുന്നവരില്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍.
വിന്‍ഡീസ് ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍ എല്ലിസ് എഡ്ഗര്‍ അച്ചോങ്ങില്‍ നിന്നാണ് ചൈനാമാന്‍ ബോളിങ് എന്ന പേര് ഉടലെടുത്തത്. ചൈനീസ് വംശജനായ അച്ചോങ്ങ് വെസ്റ്റ് ഇന്‍ഡീസിലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള ക്രിക്കറ്റ് താരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ആദ്യത്തെ ചൈനീസ് വംശജനായാണ് എല്ലിസ് അച്ചോങ് അറിയപ്പെടുന്നത്. വിന്‍ഡീസിനായി ആറു ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അച്ചോങ് എട്ടുവിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
1933ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ വിന്‍ഡീസ് ടീമില്‍ അംഗമായിരുന്നു എല്ലിസ് അച്ചോങ്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അച്ചോങ്ങിന്റെ ഇടംകയ്യന്‍ ലെഗ് സ്പിന്‍ ബോളിങ് ഇംഗ്ലീഷ് ബാറ്റര്‍മാരെ കുഴപ്പിച്ചു. അച്ചോങ്ങിനെ ഉയര്‍ത്തിയടിക്കാനായി ക്രീസ് വിട്ട് പുറത്തിറങ്ങിയ ഇംഗ്ലീഷ് താരം വാള്‍ട്ടര്‍ റോബിന്‍സിന് പന്തിന്റെ മൂവ്മെന്റ് പിടികിട്ടിയില്ല. വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് റോബിന്‍സിനെ പുറത്താക്കി. നിരാശയോടെ പവലിയനിലേക്ക് മടങ്ങുമ്പോള്‍ വാള്‍ട്ടര്‍ റോബിന്‍സാണ് രോഷത്തോടെ അല്‍പം വംശീയവിദ്വേഷം കലര്‍ന്ന ഭാഷയില്‍ ‘ബ്ലഡി ചൈനാമാന്‍’ എന്ന് വിശേഷിപ്പിച്ചത്. പിന്നീട് ചൈനാമാന്‍ ആയി അച്ചോങ്ങും, അദ്ദേഹത്തിന്റെ ബോളിങ് ശൈലി ചൈനാമാന്‍ ബോളിങ്ങുമായി ലോക ക്രിക്കറ്റില്‍ അറിയപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ പക്ഷേ അധികം ശോഭിക്കാന്‍ കഴിയാതിരുന്ന അച്ചോങ് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ഒതുങ്ങി. പിന്നീട് അംപയറായി ക്രിക്കറ്റില്‍ തുടര്‍ന്ന അദ്ദേഹം 1986ല്‍ ലോകത്തോട് വിടപറഞ്ഞു.
വിന്‍ഡീസ് താരം ഗാരി സോബേഴ്സ്, ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ പോള്‍ ആഡംസ്, ടബരീസ് ഷംസി തുടങ്ങിയവരാണ് ലോകക്രിക്കറ്റിലെ പേരുകേട്ട ചൈനാമാന്‍ ബോളര്‍മാര്‍