Image Credit: X/MirI_khlaq786
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബാറ്റിങില്‍ ആറു പന്ത് നേരിട്ട പന്ത് ഡക്കായി. ബൗളിങ് സമയത്ത് ക്യാപ്റ്റനെന്ന നിലയിലെടുത്ത മോശം തീരുമാനങ്ങളും അവസാന ഓവറില്‍ വിക്കറ്റ് കീപ്പിങില്‍ വരുത്തിയ പിഴവും ലക്നൗ സൂപ്പര്‍ ജെയ്ന്റ്സിന്റെ വിജയത്തെ തട്ടിയെടുത്തു. എന്നാല്‍ ഇതെല്ലാം ഭാഗ്യത്തിന്റെ കളിയെന്നാണ് താരത്തിന്റെ അഭിപ്രായം.
ഷഹ്ബാസ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ വിജയം കൈപിടിയിലൊടുക്കാനുള്ള അവസരം ലഭിച്ചെങ്കിലും പന്ത് വിട്ടുകളയുകയായിരുന്നു. അവസാന വിക്കറ്റില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന സമയത്തായിരുന്നു പന്ത് മോഹിത് ശര്‍മയുടെ സ്റ്റംബിങ് വിട്ടുകളയുന്നത്.
കയറി വന്ന് സിംഗിളിനുള്ള മോഹിതിന്റെ ശ്രമം ബാറ്റില്‍ കൊണ്ടില്ല. കറങ്ങിവന്ന പന്ത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കയ്യില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
പന്ത് പാഡിൽ തട്ടുന്നുണ്ടോ എന്നതിലായിരുന്നു പന്തിന്റെ ശ്രദ്ധ. ഇതോടെ പന്ത് അപ്പീല്‍ നല്‍കിയെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. പന്തിന്റെ ഡിആർഎസ് അപേക്ഷയിലും ഫലമുണ്ടായില്ല. ബോൾ ട്രാക്കിങ് പ്രകാരം പന്ത് സ്റ്റമ്പിൽ നിന്ന് പുറത്തേക്കായിരുന്നു. മല്‍സരത്തിന് ശേഷമുള്ള ടെലിവിഷന്‍ അവതരണത്തില്‍ സംഭവത്തെ പറ്റി കൂടുതല്‍ സംസാരിക്കാന്‍ പന്ത് തയ്യാറായില്ല.
'ഇതൊരു ഭാഗ്യമാണെന്നും ക്രിക്കറ്റില്‍ സാധാരണ സംഭവിക്കുന്ന കാര്യമാണെന്നും പന്ത് പറഞ്ഞു. തീര്‍ച്ചയായും ഈ മത്സരത്തില്‍ ഭാഗ്യമുണ്ടായിരുന്നു. പന്ത് മോഹിത് ശര്‍മയുടെ പാഡില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ അത് സ്റ്റംപിങിനുള്ള അവസരമാകുമായിരുന്നു. പക്ഷെ ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റില്‍ സാധാരണയാണ്. ഇത്തരം സംഭവങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല. മികച്ച ക്രിക്കറ്റില്‍ ഫോക്കസ് ചെയ്യുക' എന്നാണ് പന്ത് പറഞ്ഞത്.
സ്റ്റംപിങില്‍ നിന്നും രക്ഷപ്പെട്ട ശേഷം തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടാന്‍ മോഹിതിനായി, സ്ട്രൈക്കിലേക്ക് തിരിച്ചെത്തിയ അശുതോഷ് ശര്‍മ സിക്സറടിച്ച് മല്‍സരം സ്വന്തമാക്കുകയായിരുന്നു. ലക്നൗവിന്റെ അടുത്ത മത്സരം ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് കിങ്സിനെതിരെയാണ്. ഡല്‍ഹി ഞായറാഴ്ച വിശാഖപട്ടണത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.