ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് റണ്‍സിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഇന്നിങ്സ് നിശ്ചിത 20 ഓവറില്‍ 176/6 ല്‍ അവസാനിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ രാജസ്ഥാന്റെ ആദ്യജയമാണിത്. സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് ചെന്നൈയുടെ രണ്ടാം തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ ഒതുങ്ങി. 44 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ, വൺഡൗണായി ക്രീസിലെത്തി അർധ സെഞ്ചറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 36 പന്തുകൾ നേരിട്ട റാണ 81 റൺസാണ് അടിച്ചെടുത്തത്. അഞ്ച് സിക്സുകളും 10 ഫോറുകളും റാണ അടിച്ചുകൂട്ടി. റിയാൻ പരാഗ് (37), സഞ്ജു സാംസൺ (20), ഷിമ്രോൺ ഹെറ്റ്മിയർ ( 19) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
സ്കോർ നാലിൽ നിൽക്കെ സ്പിന്നർ ഖലീൽ അഹമ്മദിന്റെ പന്തിൽ യശസ്വി ജയ്സ്വാളിനെ രാജസ്ഥാനു നഷ്ടമായി. തൊട്ടുപിന്നാലെ വന്ന നിതീഷ് റാണ വെടിക്കെട്ടിനു തിരികൊളുത്തിയതോടെ പവര്‍പ്ലേയിൽ രാജസ്ഥാൻ നേടിയത് 79 റൺസ്. നൂർ അഹമ്മദിനെ സിക്സർ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം രചിൻ രവീന്ദ്രയുടെ കൈകളിലാണ് അവസാനിച്ചത്. ചെന്നൈക്കായി ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.