കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സിനെതിരായ മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നിരയിലെ മാറ്റം ശ്രീലങ്കന്‍ ഓള്‍റൗഡര്‍ കമിന്ദു മെൻഡിസിന്‍റെ അരങ്ങേറ്റമാണ്. രണ്ട് കൈകൊണ്ടും പന്തെറിയാൻ സാധിക്കുന്ന മെന്‍ഡിസിന്‍റെ പ്രകടനം ആദ്യ ഇന്നിങിസില്‍ കണ്ടു.
ഒരു ഓവർ മാത്രമാണ് കമിന്ദു പന്തെറിഞ്ഞത്. പക്ഷേ നാല് റണ്‍സ് മാത്രം വഴങ്ങിയ ഓവറില്‍ അങ്ക്രിഷ് രഘുവംശിയുടെ നിര്‍ണായക വിക്കറ്റും മെന്‍ഡിസ് നേടി. ഹർഷൽ പട്ടേലിന്റെ മികച്ച ക്യാച്ചിലാണ് രഘുവംശിയുടെ വിക്കറ്റ്. രണ്ട് കൈ കൊണ്ടു പന്തെറിഞ്ഞ് ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് നേടുന്ന ആദ്യ താരമാണ് കമിന്ദു മെന്‍ഡിസ്.
രഘുവംശി, വെങ്കിടേഷ് അയ്യർ, റിങ്കു സിങ് എന്നിവര്‍ക്കെതിരെയാണ് കമിന്ദു ഇന്ന് പന്തെറിഞ്ഞത്. ഇരു കൈകൊണ്ട് പന്തെറിയുമ്പോഴും ആക്ഷനില്‍ വ്യത്യാസമില്ലെന്നതാണ് താരത്തിന്‍റെ പ്രത്യേകത. 75 ലക്ഷം രൂപയ്ക്കാണ് കമിന്ദു മെന്‍ഡിസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.
ബാറ്റിങിലും മികവ് കാണിച്ച താരം ടീമിന്‍റെ രണ്ടാമത്തെ ടോപ്പ് സ്കോററാണ്. 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും സഹിതം 27 റണ്‍സാണ് മെന്‍ഡിസ് നേടിയത്. സുനില്‍ നരെയ്ന്‍റെ പന്തില്‍ അന്‍കുല്‍ റോയ്ക്ക് ക്യാച്ച് നല്‍കിയാണ് കമിന്ദു പുറത്തായത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് 120 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 16.4 ഓവറില്‍ എല്ലാവരും പുറത്തായി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും കൊല്‍ക്കത്തയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.