ഐപിഎല്‍ 18-ാം സീസണും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ 10-ാം എഡിഷനും ഒരേ സമയക്രമത്തിലാണ് നടക്കുന്നത്. ഏപ്രില്‍ 11 മുതല്‍ ആരംഭിക്കുന്ന പിഎസ്എല്‍ മേയ് 18 വരെ ഐപിഎല്ലിന് സമാന്തരമായാണ് നടക്കുന്നത്. ഇത് പാക് ലീഗിന് വിദേശ താരങ്ങളുടെ ലഭ്യതയിലടക്കം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിഎസ്എല്‍ മല്‍സരങ്ങള്‍ കാണാന്‍ ജനം കൂടുമെന്ന് അവകാശപ്പെടുകയാണ് പാക് പേസര്‍ ഹസന്‍ അലി.
ആരാധകരും ക്രിക്കറ്റ് കാഴ്ചക്കാരും ഐപിഎല്‍ ഒഴിവാക്കി പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കാണാനെത്തുമെന്നാണ് ഹസന്‍ അലിയുടെ വാദം. മികച്ച ക്രിക്കറ്റും വിനേദവും ഉള്ളിടത്താണ് ആരാധകര്‍ ഉണ്ടാകുക. ഞങ്ങള്‍ നന്നായി കളിച്ചാല്‍ ആരാധകര്‍ ഐപിഎല്‍ വിട്ട് പിഎസ്എല്‍ കാണാനെത്തും എന്നാണ് ഹനസന്‍ അലി മാധ്യമങ്ങളോട് പറഞ്ഞത്. പിസിഎല്ലിന്‍റെ പത്താം എഡിഷനില്‍ കറാച്ചി കിങ്സിന്‍റെ താരമാണ് ഹസന്‍ അലി.
സാധാരണയായി ഫെബ്രുവരി മുതൽ മാർച്ച് സമയക്രമത്തിലാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്താറുള്ളത്. ചാംപ്യന്‍സ് ട്രോഫിയും പാക്കിസ്ഥാന്‍റെ വിദേശ പര്യടനങ്ങളും കാരണമാണ് പിഎസ്‍എല്‍ ഏപ്രിൽ, മെയ് മാസങ്ങളിലേക്ക് മാറ്റിയത്. അതേസമയം നേരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ തുടര്‍ തോല്‍വിക്ക് കാരണം ഐപിഎല്‍ എന്ന് വിമര്‍ശിച്ച് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് രംഗത്തെത്തിയിരുന്നു. പാക്ക് താരങ്ങള്‍ക്ക് ഐപിഎല്ലിൽ കളിക്കാൻ കഴിയാത്തതാണ് ടീമിന് നിലവാരത്തിനൊത്ത് പ്രകടനം നടത്താന്‍ സാധിക്കാത്തതിന്‍റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര തലത്തില്‍ മോശം ഫോമിലാണ് സമീപകാലത്ത് പാക്കിസ്ഥാന്‍. സ്വന്തം നാട്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശേഷം ന്യൂസീലന്‍ഡില്‍ പര്യടനത്തിനെത്തിയ പാക്കിസ്ഥാന്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. അഞ്ച് ട്വന്‍റി 20കളുള്ള പരമ്പരയില്‍ ഒരു മല്‍സരം മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. മൂന്ന് ഏകദിന മല്‍സരങ്ങളിലും ടീം തോറ്റു.