‘ഐപിഎല്ലിലെ ആദ്യമല്‍സരത്തില്‍ തല്ലുവാങ്ങിക്കൂട്ടി വെറുംകയ്യോടെ കളംവിട്ട മുഹമ്മദ് സിറാജല്ല ഇത്. മൂന്നുവിക്കറ്റുമായി ബെംഗളൂരുവിന്റെ അടിവേരിളക്കിയ അല്‍ മുഹമ്മദ് സിറാജ്.....’ ഗുജറാത്ത് ടൈറ്റന്‍സ് – ബെംഗളൂരു മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പ്രകടനത്തിന് ശേഷം ആര്‍സിബി മാനേജ്മെന്റിനോട് സിറാജ് ഇങ്ങനെ പറഞ്ഞാലും അദ്ഭുതപ്പെടാനില്ല.
വമ്പന്‍ സ്കോറുകള്‍ മാത്രം കണ്ട് ശീലിച്ചിട്ടുള്ള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സിറാജ് നാലോവറില്‍ വഴങ്ങിയത് വെറും 19 റണ്‍സ്. ആര്‍സിബിയുടെ അഞ്ച് വെടിക്കെട്ട് ബാറ്റര്‍മാരില്‍ മൂന്നുപേരും സിറാജിന് മുന്നില്‍ മുട്ടുമടക്കി. ഫില്‍ സോള്‍ട്ടിനെയും ദേവ്ദത്ത് പടിക്കലിനെയും ലിയാം ലിവിങ്സറ്റനെയും സിറാജ് പുറത്താക്കിയതോടെ ആര്‍സിബി 169 റണ്‍സില്‍ ഒതുങ്ങി. ഫലം ബെംഗളൂരുവിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ച് സിറാജിന്റെ ഗുജറാത്ത്.
എതിരാളിയായി ആദ്യ വരവ്
സ്റ്റാറാക്കിയ ഗ്രൗണ്ടിലേക്ക്... സ്റ്റാറാക്കിയ ടീമിന് മുന്നിലേക്ക് എതിരാളിയായി സിറാജിന്റെ ആദ്യ വരവായിരുന്നു ഈ മല്‍സരം. 7 സീസണുകളില്‍ ആര്‍സിബി താരമായിരുന്ന സിറാജിനെ ഇക്കുറി മെഗാ താരലേലത്തിന് മുന്‍പ് ടീം ഒഴിവാക്കി. കൈവിട്ടുകളഞ്ഞതിന്റെ വില മനസിലാക്കിക്കൊടുക്കുന്ന പ്രകടനമാണ് സിറാജ് കാഴ്ച്ചവച്ചത്.
ബെംഗളൂരു ഒഴിവാക്കിയ മുഹമ്മദ് സിറാജിനെ 12.25 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. പഞ്ചാബിനെതിരായ സീസണിലെ ആദ്യ മല്‍സരത്തില്‍ സിറാജ് വഴങ്ങിയത് 54 റണ്‍സ്. വെറുതെയല്ല ബെംഗളൂരുവും ഇന്ത്യയും സിറാജിനെ ഒഴിവാക്കിയതെന്ന കമന്റുകള്‍ പതിവുപോെലയെത്തി. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം മല്‍സരത്തില്‍ കരിയറിലാദ്യമായി രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി, സിറാജ് ക്രിസ്റ്റ്യാനോയുടെ സ്റ്റൈലില്‍ ആഘോഷിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള പ്രതികാരമെന്ന് ആരാധകര്‍ പറഞ്ഞു. പിന്നെയായിരുന്നു ചിന്നസ്വാമിയിലേക്കുള്ള വരവ്.
നെഹ്റ ഇഫക്റ്റ്
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ നിരാശ മറന്ന് ഫിറ്റ്നസില്‍ ശ്രദ്ധിച്ചതാണ് ഇപ്പോഴത്തെ തിരിച്ചുവരവിന് കാരണമെന്ന് മുഹമ്മദ് സിറാജ്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചില്ല.
താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയതോടെ 31കാരന്‍ സിറാജ് ആശിഷ് നെഹ്റയുടെ ശിഷ്യനായി. തുടര്‍ച്ചയായി രാജ്യന്തര മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ തെറ്റുകള്‍ തിരുത്താനുള്ള അവസരം കുറയുമെന്ന് സിറാജ്. ഒരു ബ്രേക്ക് കിട്ടിയതോടെ തിരിച്ചറിവിനുള്ള സമയം കിട്ടി. നെഹ്്റയുടെ പിന്തുണകൂടിയായതോടെ സിറാജ് 2.0 ലോഡിങ്