ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മല്‍സരം കാണാന്‍ എത്തി മഹേന്ദ്രസിങ് ധോണിയുടെ മാതാപിതാക്കള്‍. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ദൃശ്യങ്ങള്‍ വൈറലാണ്.
2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം കാണാന്‍ ധോണിയുടെ മാതാപിതാക്കള്‍ സ്റ്റേഡിയത്തിലെത്തുന്നത്. ധോണിയുടെ ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവരും മല്‍സരം കാണാന്‍ മൈതാനത്തുണ്ട്.
മാതാപിതാക്കള്‍ മല്‍സരം കാണാനെത്തിയതോടെ ധോണി വിരമിച്ചേക്കും എന്ന അഭ്യൂഹം പരന്നിട്ടുണ്ട്.
മത്സരത്തിന് മുന്‍പ് ധോണി ടീമിനെ നയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ചും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഗെയ്‌ക്‌വാദാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലിലെ 43 കാരനായ ധോണി 2025 സീസണില്‍ ആകെ നേടിയത് 46 റണ്‍സാണ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഒന്‍പതമനായാണ് ധോണി ബാറ്റിങിനിറങ്ങിയത്. അഞ്ച് തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ജയിച്ച ശേഷം തുടരെ തോല്‍ക്കുകായായിരുന്നു.