tilak-varma-hardik-pandya

ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സിനെതിരായ മല്‍സരത്തില്‍ തിലക് വര്‍മയെ മല്‍സരത്തിന്‍റെ അവസാന ഓവറില്‍ റിട്ടേഡ് ഔട്ടാക്കിയതാണ് മുംബൈ ഇന്ത്യന്‍സിലെ പുതിയ വിവാദം. മല്‍സരത്തില്‍ 12 റണ്‍സിന് ടീം തോറ്റതിനപ്പുറം ടീമിന്‍റെ ഈ അവസാധാരണ നടപടിയാണ് ആരാധകരെ ഞെട്ടിച്ചത്. രണ്ട് ട്വന്‍റി 20 സെഞ്ചറി പേരിലുള്ള ഇംപാക്ട് പ്ലെയറായ ബാറ്റിങിനിറങ്ങിയ താരത്തെയാണ് മുംബൈ പിന്‍വലിച്ചത്. തിലക് വര്‍മ മൈതാനം വിടുമ്പോള്‍, ഏഴു പന്ത് ബാക്കി നില്‍ക്കെ 24 റണ്‍സായിരുന്നു മുംബൈയ്ക്ക് ആവശ്യം. 

എന്നിട്ടും മല്‍സരച്ചിന് 12 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് തോറ്റു. ടീമിന്‍റെ തീരുമാനത്തില്‍ സൂര്യകുമാര്‍ യാദവ് ഒട്ടും തൃപ്തനായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന വിഡിയോകളും പുറത്തുവന്നു. തിലക് വര്‍മയെ റിട്ടേഡ് ഔട്ടാക്കാനുള്ള കാരണം പരിശീലകന്‍ മഹേല ജയവര്‍ധനെ സൂര്യ കുമാറിനെ അറിയിക്കുന്ന വിഡിയോയില്‍ സൂര്യ കുമാര്‍ നിരാശനായാണ് കാണുന്നത്. 25 പന്തില്‍ 23 റണ്‍സാണ് തിലക് വര്‍മ നേടിയത്. 

മല്‍സര ശേഷം താരത്തെ പിന്‍വലിക്കാനുള്ള കാരണത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുണ്ട്. താരത്തിന് ഇടതു കൈവിരലിന് പരിക്കുണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 'പരിക്കുകാരണം താരത്തിന് മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കാണ് ഇംപാക്ട് പ്ലെയറായി ഇറക്കാനുള്ള കാരണം. തിലകിന്റെ ഹിറ്റിംഗ് കഴിവിനെക്കുറിച്ച് ടീമിൽ യാതൊരു സംശയവുമില്ല' റിപ്പോര്‍ട്ട് പറയുന്നു. 

മല്‍സര ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുംബൈ ഇന്ത്യന്‍ സ് പരിശീലകന്‍ മഹേല ജയവര്‍ധനെയും തിലക് വര്‍മയുടെ റിട്ടേഡ് ഔട്ടിനെ പറ്റി സംസാരിച്ചു. അത് തന്റെ തീരുമാനമായിരുന്നുവെന്ന് ജയവര്‍ധനെ വ്യക്തമാക്കി. 'തിലകിനെ കളിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അവസാന ഓവറുകൾ വരെ കാത്തിരുന്നു, താളം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ അവസാനം പുതിയൊരാളെ ആവശ്യമാണെന്ന് തോന്നി. ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കാറുണ്ട്. ആ സമയത്ത് അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു' എന്നാണ് ജയവര്‍ധനെ പറഞ്ഞത്. 

തിലക് വര്‍മ റിട്ടേഡ് ഔട്ടായി പുറത്തുപോകുന്ന സമയം ക്രീസിലുണ്ടായിരുന്നത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. 'അതൊരു ആവശ്യമായ തീരുമാനം എന്നാണ് പാണ്ഡ്യ മല്‍സര ശേഷം പറഞ്ഞത്.  ടീമിന് വലിയ ഷോട്ടുകള്‍ ആവശ്യമായിരുന്നു. അവന് അത് സാധിച്ചില്ല', എന്നാണ് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്.  

തിലക് വര്‍മ ബാറ്റിങിനെത്തുമ്പോള്‍ 8.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യ കുമാര്‍ യാദവിനൊപ്പം 48 പന്തില്‍ 66 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരമുണ്ടാക്കിയത്. ഇതില്‍ 18 പന്തില്‍ 17 റണ്‍സായിരുന്നു തിലക് വര്‍മയുടെ സംഭവാന.  

ENGLISH SUMMARY:

The decision to retire Tilak Varma during a crucial match raised many questions. It wasn't Hardik Pandya's intelligence behind the decision, but it led to disappointment among team members. Find out more about the unexpected move and its impact on the team.