Cricket - Indian Premier League - IPL - Chennai Super Kings v Delhi Capitals - M.A. Chidambaram Stadium, Chennai, India - April 5, 2025 Chennai Super Kings' MS Dhoni in action REUTERS/Stringer
ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും പരാജയപ്പെട്ടതോടെ എം.എസ്.ധോണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ താരങ്ങള്‍. പ്രതിഭയുടെ നിഴല്‍ മാത്രമാണ് ധോണിയില്‍ ഇന്ന് കാണാന്‍ കഴിയുന്നതെന്നും ഈ സീസണില്‍ താരം ടീമിനൊരു ബാധ്യതയാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. എക്കാലത്തെയും മികച്ച ഫിനിഷറെന്ന് പേരെടുത്ത ധോണി ഇക്കുറി സമ്പൂര്‍ണ പരാജയമാണെന്നും ഇങ്ങനയല്ല കളിക്കേണ്ടതെന്നുമാണ് വിമര്‍ശനം.
ഡല്‍ഹിക്കെതിരായി 26 പന്തില്‍ നിന്നും വെറും 30 റണ്‍സ് മാത്രമെടുക്കാനേ ധോണിക്കായുള്ളൂ. നിര്‍ണായക ഘട്ടത്തില്‍ അടിച്ചുകളിക്കേണ്ട ധോണി സിംഗിളുകളെടുത്ത് നിന്നത് ആരാധകരെ പോലും അമ്പരപ്പിച്ചു. രണ്ട് സീസണ്‍ മുന്‍പേ ധോണി കളി മതിയാക്കേണ്ടിയിരുന്നുവെന്നാണ് മനോജ് തിവാരിയുടെ വിമര്‍ശനം.
'ഞാന്‍ കുറച്ച് കര്‍ക്കശക്കാരനാണെന്ന് തോന്നുന്നുവെങ്കില്‍ ക്ഷമിച്ചേക്കൂ. 2023 ലെ ഐപിഎല്ലോട് കൂടി ധോണി വിരമിക്കണമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്‍റെ മികച്ച സമയം. എല്ലാ ബഹുമാനങ്ങളോടും സ്നേഹാദരരങ്ങളോടും വിടവാങ്ങാമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് നശിച്ചുവെന്നും ആരാധകരുടെ പ്രതികരണങ്ങളില്‍ നിന്ന് ഇത് വ്യക്തമാണെന്നും മനോജ് തിവാരി ക്രിക്ബസില്‍ പറഞ്ഞു.
മുട്ടിന്‍റെ പ്രശ്നമുള്ളതിനാല്‍ ധോണിക്ക് 10 ഓവര്‍ ബാറ്റ് ചെയ്യാനാവില്ലെന്നായിരുന്നു ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് വിശദീകരിച്ചത്. ധോണി എന്തിന് ഒന്‍പതാമനായി ഇറങ്ങുന്നു, കുറച്ച് കൂടി നേരത്തെ ഇറങ്ങുന്നതാവില്ലേ ടീമിന് ഗുണം ചെയ്യുക എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഇക്കാര്യത്തിലും മനോജ് തിവാരി വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
'10 ഓവര്‍ ധോണിക്ക് ബാറ്റ് ചെയ്യാനാവില്ലെന്ന് സ്റ്റീഫന്‍ പറയുന്നു. പക്ഷേ, ഇരുപത് ഓവറും വിക്കറ്റ് കീപ്പറായി നില്‍ക്കുന്ന വ്യക്തിക്ക്, സിറ്റപ്പുകളും ക്യാച്ചെടുക്കാനുള്ള ഡൈവുകളും അനായാസം നടത്തുന്നതില്‍ ഒരു പ്രയാസവുമില്ലേ? അപ്പോള്‍ മുട്ടിന്‍റെ പരുക്ക് പ്രശ്നമല്ലേ? പക്ഷേ ടീമിനെ ജയിപ്പിക്കുന്ന കാര്യം പറയുമ്പോള്‍ ഈ പത്തോവര്‍ കണക്കുമായി വരുന്നതെന്താണെ'ന്നാണ് തിവാരിയുടെ ചോദ്യം. എന്ത് തന്നെ ആയാലും ഇത് ടീമിന് ഗുണം ചെയ്യുന്ന തീരുമാനമല്ലെന്നും ടീമിന് ഗുണമില്ലാത്തതെല്ലാം ഒഴിവാക്കുകയാണ് വേണ്ടതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധോണി ഈ സീസണോടെ വിരമിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ധോണി ഫാന്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരെന്നും ക്രീസില്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ഔട്ടായി ധോണി മാത്രം കളിക്കണമെന്ന് ആര്‍ത്തുവിളിക്കുകയാണ് ആരാധകര്‍ ചെയ്യുന്നതെന്നും നേരത്തെ അംബാട്ടി റായുഡുവും വെളിപ്പെടുത്തിയിരുന്നു.