കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പരുക്കേറ്റ പഞ്ചാബ് എഫ്സി മുന്നേറ്റ താരം ലൂക്ക മജ്സെന് 6-8 ആഴ്ചവരെ നഷ്ടമാകുമെന്ന് ക്ലബ് മാനേജ്മെന്‍റ്. താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ട്. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്നും ശേഷം മെഡിക്കൽ ടീമിന്‍റെ നിർദേശാനുസരണം കളിക്കളത്തിലേക്ക് മടങ്ങുമെന്നും പഞ്ചാബ് എഫ്.സി.അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മലയാളി താരം കെപി രാഹുലിന്റെ ഫൗളിലാണ് ലൂക്ക മജ്സെന് പരിക്കേൽക്കുന്നത്.
മത്സരത്തിന്‍റെ അവസാന നിമിഷത്തിൽ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്. തലയിടിച്ച് വീണ താരത്തിന് പരുക്കേൽക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴസ് താരത്തിന്‍റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് ലൂക്കയ്ക്ക് പരുക്കേറ്റതെന്ന് പഞ്ചാബ് എഫ്സി ഫുട്ബോൾ ഡയറക്ടർ നിക്കോളാസ് ടോപ്പോലിറ്റിസ് പറഞ്ഞു. ഇത്തരത്തിലുള്ള കളിയടവുകളെ ക്ലബ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിൽ പഞ്ചാബിന്‍റെ വിജയ ശിൽപിയായിരുന്നു മജ്സെൻ. 2-1 ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയ മജ്സെൻ വിജയ ഗോളിന് അസിസ്റ്റും നടത്തിയിരുന്നു. 86-ാം മിനുറ്റിൽ പെനാൾറ്റിയിലൂടെയാണ് മജ്സെൻ പഞ്ചാബിനെ മുന്നിലെത്തിക്കുന്നത്. ലിയോൺ അഗസ്റ്റിനെ വീഴ്ത്തിയതിനാണ് പഞ്ചാബിന് പെനാൾട്ടി ലഭിച്ചത്. ഇഞ്ചുറി ടൈമിൽ ജീസസിന്‍റെ ഹെഡ് ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. എന്നാൽ 95-ാം മിനുട്ടിൽ ഫിലിപ്പ് പഞ്ചാബിന്‍റെ വിജയഗോൾ നേടുകയായിരുന്നു.