ഇന്ത്യൻ ബൗളർ ജസ്പ്രീത് ഭൂംറയും നടി റാഷി ഖന്നയും തമ്മിൽ പ്രണയത്തിലാണെന്ന് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളെറായി. വിരുഷ്ക്ക വിവാഹത്തിനു ശേഷം മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് കല്യാണം ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ആദ്യമായി പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റാഷി ഖന്ന. ഭൂംറ ഒരു ക്രിക്കറ്റ് താരമാണെന്ന് എനിക്കറിയാം. അതിനപ്പുറം ഒന്നുമില്ല. അയാളെ ഞാൻ നേരിട്ട് എനിക്കറിയില്ല. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും ഒരു ടിവി ഷോയിൽ താരം തുറന്നടിച്ചു. ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ കെട്ടുകഥകൾ മെനയുന്നത് സങ്കടകരമായ കാര്യമാണ്– റാഷി ഖന്ന പറഞ്ഞു. 

ഭൂംറയും റാഷി ഖന്നയും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഈ വിഷയത്തിൽ റാഷി ഖന്ന പ്രതികരിക്കുന്നത്. ജസ്പ്രീത് ഭുംറയുടെ ബൗളിങ് ആണ് തന്നെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതെന്നും റാഷി ഖന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും കടുത്ത പ്രണയത്തിലാണെന്നും പലപ്പോഴും ഇവര്‍ തമ്മില്‍ ഡേറ്റിങ് നടത്താറുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് താരം കടുത്ത പ്രതികരണവുമായി രംഗത്തു വന്നത്. മദ്രാസ് കഫേയിലൂടെ ബോളിവുഡിൽ അരങ്ങേറിയ റാഷി ഖന്ന തെലുങ്കിലാണ് താരമായത്. മോഹൻലാൽ ചിത്രമായ വില്ലനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.