രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ അലിസ്റ്റര്‍ കുക്കിന് ആശംസകളുമായി സഹതാരങ്ങളും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും. ഇന്ത്യയ്ക്കെതിരായ അടുത്ത ടെസ്റ്റ് മല്‍സരത്തോടെയാണ് 12 വര്‍ഷം നീണ്ട രാജ്യാന്ത ക്രിക്കറ്റ് കരിയര്‍ അലിസ്റ്റര്‍ കുക്ക് അവസാനിപ്പിക്കുന്നത് . 

അലിസ്റ്റര്‍ കുക്ക് ഒരുക്കിയ ബാറ്റിങ് രുചിക്കൂട്ട് ഒരുപതിറ്റാണ്ടിലേറെ ഇംഗ്ലീഷ് ക്രിക്കറ്റിന് സ്വാദുപകര്‍ന്നു . 160 ടെസ്റ്റ് മല്‍സരങ്ങളും 92 ഏകദിനങ്ങളും നാലു ട്വന്റി–20 യും. 32 സെഞ്ചുറികളും 56 അര്‍ധസെഞ്ചുറികളുമടക്കം  12,254 റണ്‍സ്. 

ടെസ്റ്റ് റണ്‍വേട്ടയില്‍ ഇംഗ്ലണ്ടുകാരുടെ പ്രിയപ്പെട്ട ഷെഫിന് മുന്നിലുള്ളത്  സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാത്രം. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയ വിഡിയോയില്‍ സഹതാരങ്ങള്‍ കുക്കിന് ആശംസയറിയിക്കുന്നു.

മുന്‍ താരം ഗ്രഹാം സ്വാന്‍ മകന്‍ വില്‍ഫ്രഡിനൊപ്പമാണ് വിഡിയോയില്‍ എത്തുന്നത്. ക്രിസ് വോക്സ് , ജോ റൂട്ട് എന്നിവരും കുക്കിനൊപ്പമുള്ള നല്ലനിമിഷങ്ങള്‍ ഒാര്‍ക്കുന്നു‌.