ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും വാതുവെയ്പ്പ് വിവാദങ്ങള്‍. 2011–12 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 മല്‍സരങ്ങളില്‍ സ്പോട് ഫിക്സിങ്ങ് നടന്നതിനുള്ള തെളിവ്  അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ താരങ്ങള്‍ വാതുവയ്പ്പില്‍ ഏര്‍പ്പെട്ടതായാണ് വെളിപ്പെടുത്തല്‍.

കുപ്രസിദ്ധ ഇന്ത്യന്‍ വാതുവയ്പ്പുകാരന്‍ അനീല്‍ മുനാവറുമായി വാതുവയ്പ്പുകാരെന്ന വ്യാജേന അല്‍ജസീറ ചാനല്‍ പ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണത്തിലാണ് ഞെട്ടിക്കുന്ന െവളിപ്പെടുത്തല്‍. ആറ് ടെസ്റ്റ്, ആറ് ഏകദിനം, മൂന്ന് ട്വന്റി–20 ലോകകപ്പ് മല്‍സരങ്ങള്‍ എന്നിവയാണ് സംശയത്തിന്റെ നിഴലില്‍. 

2011–ലെ ഇന്ത്യ–ഇംഗ്ലണ്ട് ലോര്‍ഡ് ടെസ്റ്റ്, ദക്ഷിണാഫ്രിക്ക–ഓസ്ട്രേലിയ കേപ്ടൗണ്‍ ടെസ്റ്റ്, ലോകകപ്പിലെ അഞ്ച് മല്‍സരങ്ങള്‍, 2012– ട്വന്റി–20 ലോകകപ്പിലെ മൂന്ന് മല്‍സരങ്ങള്‍, ഇംഗ്ലണ്ട്–പാക്കിസ്ഥാന്‍ പരമ്പരയിലെ മൂന്ന് െടസ്റ്റുകള്‍ എന്നിവയില്‍ സ്പോട്ട് ഫിക്സിങ്ങ് നടന്നിട്ടുണ്ടെന്നാണ്  അല്‍ജസീറയുടെ റിപ്പോര്‍ട്ട്. മുനാവറും ഒരു ഇംഗ്ലണ്ട് താരവും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ചാനല്‍ പുറത്തുവിട്ടു. ആഷസ് പരമ്പരയിലെ ജയത്തിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്കുള്ള പണം ഒരാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ടില്‍ എത്തുമെന്നാണ് മുനാവര്‍ പറഞ്ഞത്.   

ചാനല്‍ പുറത്തുവിട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും വാതുവയ്പ്പ് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഐസിസി അറിയിച്ചു. എന്നാല്‍ ആരോപണങ്ങളെ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും തള്ളിക്കളഞ്ഞു.