മുംബൈ മാരത്തണിൽ വയനാടിന് വേണ്ടി ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം. ചൂരൽമല - മുണ്ടക്കൈ ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന സന്ദേശം പങ്കുവെച്ചായിരുന്നു കെ.എം. എബ്രഹാം ഫുൾ മാരത്തണിൻ്റെ ഭാഗമായത്.
രാജ്യാന്തര കായിക താരങ്ങളും സെലിബ്രിറ്റികളും പങ്കെടുത്ത മുംബൈ മാരത്തണിൽ ഇക്കുറി കേരളം മുന്നോട്ടുവച്ചത് വയനാട് എന്ന പ്രതീകമാണ്. 42 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തൺ.
ചൂരൽമല - മുണ്ടകൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഡോ. കെ.എം. എബ്രഹാം ഈ മാരത്തണിൻ്റെ ഭാഗമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് ആലേഖനം ചെയ്ത ജഴ്സി ധരിച്ചായിരുന്നു ഓട്ടം. ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണിലും കെ.എം എബ്രഹാം പങ്കെടുത്തിരുന്നു.
കൽപ്പറ്റയിലും നെടുമ്പാലയിലും വിഭാവനം ചെയ്യുന്ന ടൗൺഷിപ്പുകളിലായി എണ്ണൂറോളം വീടുകളാണ് സർക്കാർ നിർമിച്ചു നൽകുക. കിഫ്ബിയുടെ സിഇഒയും ഈ ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ്കോണിൻ്റെ ചെയർമാൻ കൂടിയാണ് കെ. എം എബ്രഹാം. ദേശീയതലത്തിൽ വയനാട് പുനരധിവാസം എന്ന ആശയം ഉയർത്തുകയാണ് മാരത്തണലിലൂടെ ലക്ഷ്യമിട്ടത്.