മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവ് നൽകിയ ഇതിഹാസതാരം. ഇന്ത്യയ്ക്ക് ഏകദിന, ട്വൻടി 20 ലോകകപ്പുകളിൽ മുത്തമിടാൻ ഭാഗ്യം ഒരുക്കി കൊടുത്ത പ്രതിഭാധനനായ താരം. ബെസ്റ്റ് ഫിനിഷറെന്ന് ലോകം വാഴ്ത്തിയ ഇതിഹാസ താരം നാണക്കേടിന്റെ വക്കിലാണ്. മെല്ലെപ്പോക്ക് ശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വഴി തെളിയിക്കുന്നു. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിൽ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേട് ക്രിക്കറ്റ് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മുറിവായി മാറുകയും ചെയ്തു. ഋഷഭ് പന്തിനെ പോലെയുളള താരങ്ങളുടെ ഉദയം ധോണിയുടെ കരീയർ തന്നെ അവസാനിപ്പിക്കുമെന്ന് കരുതുന്നവരുണ്ട്.
വിക്കറ്റ് കീപ്പിങ്ങിൽ ഇപ്പോഴും ധോണി തന്നെയാണ് ഒന്നാം നമ്പർ താരം. ബാറ്റിങ്ങിലാണ് താരം ഏറെ പഴി കേൾക്കുന്നത്. 2005 ൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന മാസ്മരികത 2018 ൽ അദ്ദേഹത്തിന് പുറത്തെടുക്കാൻ കഴിയുമോയെന്ന് സംശയിക്കുന്നവരാണ് ഏറെയും. എന്നാൽ ധോണിയെ പോലെയുളള ഒരു താരം ഇന്ത്യയുടെ ഭാഗ്യമെന്ന് ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. ധോണിക്കെതിരെയുളള വിമർശനങ്ങൾ തളളിയ എബിഡി തന്റെ ടീമിൽ എക്കാലവും ധോണിയുണ്ടാകുമെന്നും വിമർശകർക്ക് മറുപടി നൽകി.
എൺപതാം വയസിൽ വീൽചെയറിലാണെങ്കിലും ധോണിയെ എന്റെ ടീമിൽ കളിപ്പിക്കാൻ ഞാൻ തയ്യാറാണ്. ധോണിയുടെ റെക്കോർഡുകൾ നോക്കൂ.. അങ്ങനെയൊരു താരത്തെ എങ്ങനെയാണ് നിങ്ങൾക്ക് മാറ്റി നിർത്താൻ സാധിക്കുക. എബിഡി പറഞ്ഞു. നിങ്ങൾ നല്ല തമാശക്കാരാണ് എന്നാണ് ധോണിയെ കുറിച്ചുളള വിമർശനത്തോട് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അതേസമയം, ലോകകപ്പില്‍ ധോണിയുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലിയും പറയുന്നു. വിന്‍ഡീസിനെതിരായ ഏകദിനം ധോണിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും ദാദ പറഞ്ഞിരുന്നു.