sarin

ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ വരെ സമനിലയില്‍ തളച്ച പ്രകടനമാണ് നിഹാല്‍ സരിന് മനോരമ സ്പോർട്സ് സ്റ്റാർ 2018 പട്ടികയില്‍ ഇടംനല്‍കിയത്. പോയവര്‍ഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ നിഹാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാളിയാണ്. സാന്റാമോണിക്ക ഹോളിഡേയ്സിന്‍റെ സഹകരണത്തോടെ മനോരമ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ്  അവാര്‍ഡ്സില്‍ നിഹാല്‍ സരിന്‍ ഉള്‍പ്പടെ ആറു കായിക താരങ്ങളാണ് പട്ടികയിലുള്ളത്  

കളിച്ചു കളിച്ച് ഈ പതിനാലുവയസുകാരന്‍ കഴിഞ്ഞ വര്‍ഷം റാപ്പിഡ് ചെസില്‍ ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനെ വരെ സമനിലയില്‍ തളച്ചു. ഇതുകൊണ്ടൊന്നും നിഹാല്‍ അവസാനിപ്പിച്ചില്ല. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പ് റണ്ണര്‍ അപ് സെര്‍ജി കര്യാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ് എന്നിവര്‍ക്കെതിരെയും നിഹാല്‍ സമനിലപിടിച്ചു. ഓഗസ്റ്റില്‍ അബുദാബിയില്‍ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ചെസിലെ പരമോന്നത പട്ടമായ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ഈ കൊച്ചുപയ്യനെ തേടിയെത്തി. മാഗ്നസ് കാള്‍സണും സെര്‍ജി കാര്യാക്കിനും ബോബി ഫിഷറുമടങ്ങുന്ന പ്രോഡിജികളുടെ നിരയിലാണ്  ഈ തൃശൂരുകാരന്‍ ഇടംപിടിച്ചത്. 

നിലവില്‍ അണ്ടര്‍ 14 ലോക ഒന്നാം നമ്പറാണ് നിഹാല്‍ സരിന്‍.  ലോകചാംപ്യനാകാന്‍  മിടുക്കുള്ളവനെന്ന് വിശ്വനാഥന്‍ ആനന്ദും സാക്ഷ്യപ്പെടുത്തുന്നു.  സ്പോര്‍ട്സ് സ്റ്റാര്‍ 2018–ല്‍ നിഹാല്‍ സരിന്റെ കോഡ് സിയാണ്. വോട്ട് ചെയ്യാൻ BST എന്ന് ടൈപ്പ് ചെയ്തു സ്പേസ് ഇട്ടശേഷം  സി ടൈപ്പ് ചെയ്ത്  56767123 എന്ന നമ്പറിലേക്ക് sms ചെയ്യുക. ഓൺലൈനിൽ വോട്ട് ചെയ്യാൻ manoramaonline.com/sportsawards  സന്ദർശിക്കുക.