TAGS

ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ രാജാവ് ഗുജറാത്തിൽ ഒരുങ്ങുകയാണ്. പരുത്തിക്കൃഷിക്കു പേരുകേട്ട അഹമ്മദാബാദിലെ കറുത്ത മണ്ണിലാണ് വമ്പൻ സ്റ്റേഡിയം ഒരുങ്ങുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന വിശേഷണത്തോടെയാണ് മൊട്ടേരയിലെ പുതിയ സർദാർ പട്ടേൽ സ്റ്റേഡിയം ഒരുങ്ങുന്നത്. 90 ശതമാനം ജോലികളും പൂർത്തിയായ സ്റ്റേഡിയത്തിൽ അടുത്ത വർഷം പകുതിയോടെ മത്സരാരവം മുഴങ്ങും.

1.10 ലക്ഷം കാണികൾക്ക് ഒരുമിച്ചിരുന്നു കളികാണാൻ സാധിക്കുന്ന രീതിയിലാണ് പവലിയൻ. പഴയ സ്റ്റേഡിയത്തിൽ ഇത് അര ലക്ഷം ആയിരുന്നു. ഒപ്പം 25 പേർ വീതം ഇരിക്കാവുന്ന 75 കോർപ്പറേറ്റ് ബോക്സുകളുമുണ്ടാകും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ ഓസ്ട്രേലിയയിലെ എംസിജിയിൽ (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്) സീറ്റിങ് കപ്പാസിറ്റി 1,00,024 ആണ്.

മൊട്ടേരയിലെ പഴയ സ്റ്റേഡിയത്തിന്റെ അതേ സ്ഥലത്ത് 63 ഏക്കറിലാണ് പുതിയ സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്. ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തു ഫുട്ബോൾ ഗ്രൗണ്ട്, ടെന്നിസ് കോർട്ട്, ബാഡ്മിന്റൻ കോർട്ട്, ഒളിംപിക്സ് മത്സരങ്ങൾക്കു യോജിച്ച സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസുകൾ, പ്രാക്ടീസ് ഗ്രൗണ്ടുകൾ എന്നിവയും സ്റ്റേഡിയം കോംപ്ലക്സിലുണ്ട്.

700 കോടി രൂപയാണ് ആകെ ചെലവ്. ഇതിൽ 300 കോടി രൂപ ജിസിഎ (ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ) വഹിക്കും. ബാക്കി തുക വായ്പ വഴിയും. കോർപറേറ്റ് ബോക്സ്, ക്ലബ് മെംബർഷിപ് എന്നിവയിലൂടെ സമാഹരിക്കുന്ന തുക വായ്പ തിരിച്ചടവിന് ഉപയോഗിക്കാമെന്നാണ് അസോസിയേഷന്റെ കണക്കൂകൂട്ടൽ. അടുത്ത വർഷം പകുതിയോടെ സ്റ്റേഡിയം മത്സരങ്ങൾക്കു സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ – വേൾഡ് ഇലവൻ ട്വന്റി20 മത്സരത്തോടെയായിരിക്കും സ്റ്റേഡിയം ഉദ്ഘാടനം.