shane-warne-villa

മെൽബൺ : ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുൻപ് ഉഴിച്ചിലിനായി നാലു യുവതികൾ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയിരുന്നതായി വെളിപ്പെടുത്തൽ. തായ്‌ലൻഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാലു യുവതികൾ വോണും സുഹൃത്തുകളും താമസിച്ചിരുന്ന വില്ലയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇവരാണ് വോണിനെ ഏറ്റവും ഒടുവിൽ ജീവനോടെ കണ്ടതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, വോണിന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് തായ്‌ലൻഡ് പൊലീസ് വ്യക്തമാക്കി.

 

വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാലു യുവതികൾ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിൽ രണ്ടു യുവതികൾ ഷെയ്ൻ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ശേഷമാണ്ഈ  യുവതികൾ പുറത്തുപോയതെന്നും സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പൊലീസ് വിശദീകരിക്കുന്നു. ഇവർ വില്ല വിട്ടശേഷം ഏതാണ്ട് രണ്ടേകാൽ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കൾ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ ‌യുവതികളാണ് വോണിനെ ഏറ്റവുമൊടുവിൽ ജീവനോടെ കണ്ടതെന്ന് പൊലീസ് അനുമാനിക്കുന്നത്. അതേസമയം, വോണിന്റെ മരണത്തിൽ എന്തെങ്കിലും വിധത്തിലുള്ള ദുരൂഹത ഉണ്ടാകാനുള്ള സാധ്യത തായ്‌ലൻഡ് പൊലീസ് തള്ളിക്കളഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വോണിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്ന് വ്യക്തമായിരുന്നു.

 

അതേസമയം, ഷെയ്ൻ വോണിന്റെ മൃതദേഹം ഇന്നലെ ജൻമനാട്ടിലെത്തിച്ചു. ബാങ്കോക്കിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാത്രിയോടെയാണ് മൃതദേഹം മെൽബണിലെ വിമാനത്താവളത്തിലെത്തിച്ചത്. വോണിന്റെ സുഹൃത്തുക്കളും ആരാധകരുമടക്കം ഒട്ടേറെപ്പേർ വിമാനത്താവളത്തിലെത്തിയിരുന്നു. തായ്‌ലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി ആറു ദിവസം പിന്നിടുമ്പോഴാണ് വോണിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഓസ്ട്രേലിയൻ പതാക പുതപ്പിച്ച മൃതദേഹം ബാങ്കോക്കിൽനിന്ന് എട്ടു മണിക്കൂർ യാത്രയ്ക്കൊടുവിലാണ് മെൽബൺ വിമാനത്താവളത്തിലെത്തിച്ചത്.