കോവിഡ് ഭീതിയില്‍ ഓസ്ട്രേലിയന്‍ ക്യാംപ്. കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവായേക്കാമെന്ന് പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് പറയുന്നു.ആഡം സാംപയും മാത്യു വെയ്ഡുമാണ് ഇതിനോടകം കോവിഡ്  പോസിറ്റീവായത്. 

 

ഐസിസി ചട്ടമനുസരിച്ച്  ക്രിക്കറ്റ് ടീമംഗം കോവിഡ് പോസിറ്റീവായാല്‍ പരിശീലനം നടത്തുന്നതിനോ മല്‍സരിക്കുന്നതിനോ വിലക്കില്ല. കോവിഡ് പോസിറ്റീവായാല്‍ ഐസലേഷനില്‍ കഴിയണമെന്ന നിയമം ഓസ്ട്രേലിയന്‍ സര്‍ക്കാരും  ഈ മാസം ആദ്യം  എടുത്തുകളഞ്ഞിരുന്നു. പതിനഞ്ച് അംഗ ടീമിലെ ഏക വിക്കറ്റ് കീപ്പറായതിനാല്‍ കോവിഡ് പോസിറ്റീവാണെങ്കിലും മാത്യ വെയ്ഡിനെ ഇംഗ്ലണ്ടിനെതിരായ പ്ലെയിങ് ഇലവനില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിരുന്നു. കോവിഡ് പോസിറ്റീവാണെങ്കിലും വെയ്ഡിന് ശാരീരിക അസ്വസ്തഥകളില്ലായിരുന്നു. വെയ്ഡും സാംപയും പ്രത്യേകമായാണ് പരിശീലനം നടത്തിയത്. ഇരുവര്‍ക്കുമായി പ്രത്യേകം ടീം മീറ്റിങ്ങുമുണ്ടായിരുന്നു.  കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതായി പരിശീലകന്‍ ആന്‍ഡ്രൂ മക്്ഡൊണാള്‍ഡ് പറയുന്നു. ശാരീരിക അസ്വസ്തഥകളില്ലായെങ്കില്‍ കോവിഡ് പോസിറ്റീവാണെങ്കിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ കോവിഡ് പോസിറ്റീവായ ഓസീസ് താരം റ്റഹീല മഗ്രാത് കളിച്ചിരുന്നു.  അയര്‍ലന്‍ഡ് താരം ജോര്‍ജ് ഡോക്കറെല്ലാണ് ടൂര്‍ണമെന്റിനിടെ കോവിഡ് പോസിറ്റീവായ ആദ്യ താരം. എങ്കിലും ശ്രീലങ്കയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ ഡോക്ക്്റെല്‍ കളിച്ചിരുന്നു.