ട്വന്‍റി ട്വന്‍റി ലോകകപ്പ് അവസാനിച്ചെങ്കിലും റാങ്കിങ്ങിൽ തന്റെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സൂര്യകുമാര്‍ യാദവ്. ഇക്കഴിഞ്ഞ ലോകകപ്പിലെ മിന്നും പ്രകടനമാണ് സൂര്യകുമാർ യാദവിനെ ഐസിസിയുടെ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. എന്നാൽ സൂര്യയുടെ റേറ്റിംഗ് പോയിന്‍റ് കരിയറിലെ ഏറ്റവും മികച്ചതായ 869ല്‍ നിന്ന് 859ലേക്ക് താഴുകയും ചെയ്തു.
പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ, ബാബർ അസം എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34–ാം റാങ്കിൽ നിന്ന് 12–ാം സ്ഥാനത്തേക്കു കുതിച്ചു. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്‍റെ താരങ്ങളാണ് റാങ്കിംഗില്‍ പ്രധാനമായും നേട്ടങ്ങളുണ്ടാക്കിയത്.
ബോളർമാരിൽ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ രണ്ടും ഇംഗ്ലിഷ് താരം ആദിൽ റഷീദ് മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ മൂന്നാമതാണ്. ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാന്റെ മുഹമ്മദ് നബി എന്നിവരാണ് യഥാക്രമം ആദ്യ 2 സ്ഥാനങ്ങളിൽ.
ട്വന്‍റി ട്വന്‍റി ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്നും മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത് 239 റണ്‍സ് ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം പതിനൊന്ന് വര്‍ഷം കാത്തിരുന്നാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ജേഴ്സിയണിയുന്നത് തന്നെ.
Suryakumar Yadav's reign at the top of ICC T20I rankings continues