ലോകകപ്പിന് പിന്നാലെ ഒളിംപിക്സിനു വേദിയാകാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2036 ലെ സമ്മർ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനാണ് ഖത്തർ തയ്യാറെടുക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ഇതുവരെയുള്ള വിജയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് വലിയ പ്രതീക്ഷയാണുള്ളത്. 2016- ലെയും 2020- ലെയും ഒളിംപിക്സിന് ആതിഥേയത്വം പ്രതീക്ഷിച്ച് ഖത്തർ മുന്നോട്ട് വന്നിരുന്നെങ്കിലും മരുഭൂമിയിലെ വേനൽകാല താപനിലയെ കുറിച്ചുള്ള ആശങ്ക കാരണം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല.
2024 ൽ പാരീസിലും 2028 ൽ ലോസ് ഏഞ്ചൽസിലും 2032 ൽ ബ്രിസ്ബേനിലുമാണ് ഒളിംപിക്സ് നടക്കുക. ഭൂഖണ്ഡം തിരിച്ചാണെങ്കിൽ 2036 ലെ ഒളിംപിക്സിന് ഏഷ്യയിൽ നിന്നുള്ള ഖത്തറിന് വേദിയാകാനുള്ള സാധ്യത കൂടുതലാണ്. ഏഷ്യയിൽ നിന്ന് തന്നെ ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ രാജ്യങ്ങൾ രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷന്റെ മുന്നിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ലോകകപ്പിന് വേണ്ടിയുള്ള ഖത്തറിന്റെ ഒരുക്കത്തെ പരിഗണിച്ച് മുൻതൂക്കമുണ്ട്.
2019 ലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതും 2030 ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നതും ഖത്തറിന് സാധ്യത വർധിപ്പിക്കുന്നുണ്ട്. നീക്കങ്ങൾ അനുകൂലമാവുകയാണെങ്കിൽ ലോകകപ്പിന് പിന്നാലെ ഒളിംപിക്സ് ആതിഥേയരാകുന്ന ആദ്യ ഇസ്ലാമിക രാജ്യമാകും ഖത്തർ