ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പെലെയോ മറഡോണയോ എന്ന സംവാദം എപ്പോഴും ഫുട്ബോള്‍ ലോകത്ത് ചൂടുപിടിച്ച് നിന്നിരുന്നു. ആരാധകരുടെ സംവാദം പലപ്പോഴും ഇരുവരുടെയും വാക്പോരിനും വഴിവച്ചു.
ലോക ഫുട്‌ബോളില്‍ പെലെയാണോ മറഡോണയാണോ മിടുക്കന്‍ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ചെറിയ പാസുകളും വലിയ നീക്കങ്ങളുമാണു പെലെയെ ഫുട്‌ബോള്‍ മാന്ത്രികനാക്കിയത്. അര്‍ജന്‍റീനയുടെ ആള്‍ദൈവം മൈതാനത്തിന്‍റെ ഒരു കോണില്‍നിന്ന് അങ്ങേക്കോണ്‍ വരെ ഒറ്റയ്ക്കു പന്തുതട്ടിയെത്തി, ഗോള്‍ നേടാന്‍ മിടുക്കുണ്ടായിരുന്ന താരമാണ്. മൂന്നുവട്ടം ലോകകപ്പ് നേടിയ പെലെയും ഒരുവട്ടം ലോകകപ്പ് നേടിയ മറഡോണയും തമ്മില്‍ താരതമ്യം വേണ്ടെന്നായിരുന്നു പെലെ ആരാധകരുടെ പക്ഷം. എന്നാല്‍ ഒറ്റയ്ക്ക് കളിയുടെ ഗതിമാറ്റിയെഴുതുന്ന മറഡോണയാണ് കേമനെന്ന് മറുപക്ഷവും വാദിച്ചു.
ലോകകപ്പ് ഫുട്ബോളില്‍ 14മല്‍സരങ്ങളില്‍ നിന്ന് പെലെ 12 ഗോളും 21മല്‍സരങ്ങളില്‍ നിന്ന് മറഡോണ എട്ടുഗോളുമാണ് നേടിയത്. വാദപ്രതിവാദങ്ങളുടെ പാരമ്യത്തില്‍ ആരാണ് മികച്ച ഫുട്ബോളര്‍ എന്നറിയാന്‍ 2000ല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തി. ഇതില്‍ മറഡോണ വിജയി ആയി. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ പെലെയുടെ കളികാണാത്തവരാണെന്നും ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നും മറുപക്ഷം നിലപാട് എടുത്തപ്പോള്‍ ഫിഫ മാഗസിനിലൂടെ വീണ്ടും വോട്ടെടുപ്പ് നടത്തി. ഇതില്‍ പെലെ ജേതാവായി. എന്നാല്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ ഇരുവരും മികച്ചവരെന്ന് ഫിഫ പ്രഖ്യാപനം നടത്തി. പക്ഷെ താനാണ് കേമന്‍ എന്നുപറഞ്ഞ് മറഡോണ ഫിഫയുടെ അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്കരിച്ചു.
മറഡോണ നല്ല കളിക്കാരനായിരിക്കും. പക്ഷേ, അയാള്‍ക്കു വലതുകാല്‍കൊണ്ടു പന്തടിക്കാന്‍ അറിഞ്ഞുകൂടാ. പ്രധാനപ്പെട്ട ഒരു കളിയില്‍ നേടിയ ഹെഡര്‍ ഗോള്‍, കൈകൊണ്ട് അടിച്ചു കയറ്റുകയായിരുന്നു എന്നും പെലെ ഒരിക്കല്‍ പറഞ്ഞത് അടുത്ത വിവാദത്തിന് തിരികൊളുത്തി. പെലെ ലോകകപ്പുകള്‍ നേടിയിട്ടുണ്ടാവും. പക്ഷേ, ക്ലബ് ഫുട്‌ബോളില്‍ ദക്ഷിണ അമേരിക്കയുടെ അപ്പുറത്ത് എന്താണെന്ന് അയാള്‍ക്ക് അറിഞ്ഞുകൂടാ എന്നായിരുന്നു മറഡോണയുടെ മറുപടി. ബ്രസീല്‍ താരം ഗാരിഞ്ചയുടെ മരണത്തിന് ഉത്തരവാദി പെലെയാണെന്നുവരെ ഒരിക്കല്‍ മറഡോണ പറഞ്ഞു. അയാള്‍ക്ക് ഭ്രാന്താണെന്നായിരുന്നു ഇതിന് പെലെയുടെ മറുപടി. ഒരിക്കല്‍ പാരിസില്‍ നടന്ന സൗഹൃദഫുട്ബോള്‍ മല്‍സരത്തിനിടെ ഇരുവരും കൈകോര്‍ത്ത് നിന്നത് ഫുട്ബോള്‍ ലോകത്തെ മായാക്കാഴ്ചയായി.