ഓസ്ട്രേലിയന്‍ ഓപ്പണിനിടെ പരുക്കേറ്റ റഫേല്‍ നദാലിന് രണ്ട് മാസത്തോളം കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. മെയില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണിനു മുന്‍പേ കളത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് താരം. ഓസ്ട്രേലിയന്‍ ഓപ്പണിനിലെ തോല്‍വിക്ക് ശേഷം കണ്ണിരോടെ കളംവിട്ട നദാലിന്‍റെ ചിത്രം ആരാധകരെയാകെ സങ്കടത്തിലാഴ്ത്തിയിരുന്നു.  

പരുക്കേറ്റിട്ടും മല്‍സരം തുടര്‍ന്ന നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കന്‍ താരം മക്കെന്‍സി മക്ഡൊണാള്‍ഡ് വീഴ്ത്തി. നിലവിലെ ചാംപ്യനായതിനാലാണ് പിന്‍മാറാതെ മല്‍സരം തുടര്‍ന്നതെന്ന് നദാല്‍ മല്‍സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടുപ്പിന് പരുക്കേറ്റ നദാല്‍ രണ്ട് മാസത്തോളം കളത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. മല്‍സരത്തിന് തൊട്ടുപിന്നാലെ മെല്‍ബണില്‍ താരത്തെ സ്കാനിങ്ങിന് വിധേയമാക്കിയിരുന്നു. 

സ്പെയിനില്‍ തിരിച്ചെത്തിയ ശേഷം ഫിസിയോതെറാപ്പിയുള്‍പ്പെടെയുള്ള ചികില്‍സകള്‍ ആരംഭിക്കുമെന്ന് സ്പാനിഷ് ടീം അറിയിച്ചു. മെയ് അവസാനം നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ കളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നദാലും ആരാധകരും. ഫ്രഞ്ച് ഓപ്പണിലെ നിലവിലെ ചാംപ്യനാണ് നദാല്‍.