ടെന്നിസിനോട് പൂര്‍ണമായും വിട പറയാന്‍ ഇതിഹാസ താരം റാഫേല്‍ നദാല്‍ തയ്യാറെടുക്കുന്നു. പാരിസില്‍ ജോക്കോവിച്ചിനോട് നേരിട്ട സെറ്റുകളില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ട് തവണ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവും 22 ഗ്രാന്‍ഡ് സ്ലാമും നേടിയ നദാല്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. ടൂര്‍ണമെന്‍റ് കഴിയുന്നതിന് പിന്നാലെ വൈകാരികമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. 6–1,6–4നാണ് നദാലിന്‍റെ തോല്‍വി. ജോക്കോയും നദാലും ഏറ്റുമുട്ടിയ 60–ാം മല്‍സരം കൂടിയായിരുന്നു ഇത്.
നൊവാക് ജോക്കോവിച്ചിനോട് പത്തുതവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണയും റാഫയ്ക്കൊപ്പമായിരുന്നു വിജയവും. ഇന്നലെ പക്ഷേ ജോക്കോയുടെ ദിവസമായിരുന്നു. റാഫ, റാഫ എന്നാര്‍ത്ത് വിളിച്ച പതിനയ്യായിരത്തോളം ടെന്നിസ് പ്രേമികളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടുവെങ്കിലും സെര്‍ബ് താരത്തിന്‍റെ മിന്നുന്ന ഫോമിന് മുന്നില്‍ നദാലിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. റൊളാങ് ഗാരോസില്‍ ചരിത്രമല്‍സരം കാണാന്‍ ഇരച്ചെത്തിയ ആരാധകരെ സാക്ഷിയാക്കി കളിമണ്‍ കോര്‍ട്ടിലെ രാജാവ് പൊരുതാന്‍ ശ്രമിച്ചെങ്കിലും പ്രായവും പരുക്കുകളും ആ വീര്യത്തെ അല്‍പ്പമല്ലാതെ കുറച്ചിരുന്നു. ജോക്കോയ്ക്കെതിരെ പോരാട്ടം കടുക്കുമെന്ന് മല്‍സരത്തിന് മുന്‍പ് തന്നെ നദാല്‍ തുറന്ന് പറയുകയും ചെയ്തു. താരത്തിന്‍റെ കണക്കുകൂട്ടല്‍ ശരിവയ്ക്കുന്നതായിരുന്നു ആദ്യ സെറ്റ്. നിര്‍ദാക്ഷിണ്യമായിരുന്നു ജോക്കോയുടെ കളി.
2006 ലായിരുന്നു നദാലും ജോക്കോയും ആദ്യമായി ഏറ്റുമുട്ടിയത്. റൊളാങ് ഗാരോസിന്‍റെ സ്വന്തമായിരുന്നു റാഫ. 14 കിരീടങ്ങള്‍,112 ജയം, പരാജയമറിഞ്ഞത് ആകെ നാല് പ്രാവശ്യം മാത്രം. 2009 ല്‍ റോബിന്‍ സോഡര്‍ലിങ്, 2015 ലും 21 ലും ജോക്കോ, 2024 ല്‍ അലക്സാണ്ടര്‍ സ്വൊരേവ് എന്നിവരോട് മാത്രമാണ് റാഫ പരാജയം അറിഞ്ഞത്.