ashwin

നാഗ്പൂരില്‍ 223 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ എറിഞ്ഞിടാൻ വേണ്ടിവന്നത് 195 പന്തുകൾ മാത്രം. രവിചന്ദ്രന്‍ അശ്വിന്റെ ബുദ്ധികൂർമതയ്ക്ക് മുൻപിൽ ഓസീസ് ബാറ്റിങ് നിര പൊരുതാൻ പോലുമാവാതെ തകർന്ന് വീണപ്പോൾ സ്വന്തം മണ്ണിലെ ആധിപത്യം ഇന്ത്യ ഒരിക്കൽ കൂടി ഉറപ്പിച്ചു. 

 

ഹോം മത്സരങ്ങളിലെ കഴിഞ്ഞ 43 ടെസ്റ്റുകളുടെ കണക്കെടുത്താൽ 35ലും ജയം ഇന്ത്യക്കൊപ്പം. തോൽവി തൊട്ടത് രണ്ട് വട്ടം മാത്രം. ഒന്ന് ഓസ്ട്രേലിയക്കെതിരെ 2017ൽ പുണെയിലും രണ്ടാമത്തേത് ഇംഗ്ലണ്ടിനെതിരെ 2021ൽ ചെന്നൈയിലും. ആറ് ടെസ്റ്റുകൾ സമനിലയിലുമായി. 2013ൽ എംഎസ് ധോനിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര 2–1ന് തോറ്റ ശേഷം മറ്റൊരു റെഡ് ബോൾ പരമ്പരയും ഇന്ത്യക്ക് നഷ്ടമായിട്ടില്ല. 

 

ഓസ്ട്രേലിയ ഇന്ത്യയില്‍ നേടുന്ന ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറാണ് നാഗ്പൂരിൽ കുറിച്ചത്. 2004ൽ വാംഖഡെയിൽ 93 റൺസിന് പുറത്തായതായിരുന്നു ഇതുവരെ കുറഞ്ഞ സ്കോർ. 1956ലെ കറാച്ചി ടെസ്റ്റിൽ 80 റൺസിന് പുറത്തായതാണ് ടെസ്റ്റിലെ ഓസ്ട്രേലിയയുടെ ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സ്കോർ. സ്പിൻ കരുത്തിൽ സ്റ്റംപ് ലക്ഷ്യമിട്ട് ആക്രമിക്കാനുള്ള മികവ് ഇന്ത്യ ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ ഓസ്ട്രേലിയയുടെ 20 വിക്കറ്റിൽ പതിനഞ്ചും വീണത് വിക്കറ്റിനുമുന്നില്‍ കുടുങ്ങിയോ സ്റ്റംപിങ്ങിലൂടെയോ ആയി. 

 

ഓസ്ട്രേലിയയെ നാണക്കേടിലേക്ക് തള്ളി വിട്ട ഇന്ത്യൻ സ്പിന്നർമാർ ബാറ്റിങ്ങിലും കൗതുകമുണർത്തുന്ന കണക്കുകളാണ് മുൻപിൽ വയ്ക്കുന്നത്. അക്ഷർ പട്ടേലും ജഡേജയും അശ്വിനും ചേർന്ന് ഒന്നാം ഇന്നിങ്സിൽ അടിച്ചുകൂട്ടിയത് 177 റൺസ്. ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ ആകെ നേടിയ റണ്‍സ് 177 ആണ്. അക്സര്‍ 174 പന്തിൽ നിന്നാണ് 84 റൺസെ‌ടുത്തത്. ടിപ്പിക്കല്‍ ടെസ്റ്റ് ഇന്നിങ്സ്. ജഡേജ 185 പന്തിൽ നിന്ന് 70 റൺസും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ അശ്വിൻ 23 റൺസും നേടി. 

 

രണ്ട് ഇടംകയ്യൻ ബാറ്റേഴ്സ് ക്രീസിൽ നിൽക്കുകയും കൂടുതൽ ഇടംകയ്യൻ സ്പിന്നർമാർ മധ്യനിരയിൽ വരികയും ചെയ്യുന്നതോടെ വലംകയ്യൻ ഓഫ് സ്പിന്നർ അശ്വിന്റെ കൈകളിലേക്ക് രണ്ടാമത്തെ ഓവറിൽ തന്നെ രോഹിത് പന്ത് നൽകി. തന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ത്തന്നെ അശ്വിൻ ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. 5 റൺസ് എടുത്ത ഖവാജ ഫസ്റ്റ് സ്ലിപ്പിൽ കോലിക്ക് ക്യാച്ച് നൽകി മടങ്ങി. 

 

ക്രീസിലേക്ക് കയറി നിന്ന് കളിക്കുകയെന്ന തന്ത്രവുമായെത്തിയ ലബുഷെയ്നിനെ ജഡേജ മടക്കിയപ്പോൾ വാർണറെ തിരിച്ചയച്ചായിരുന്നു അശ്വിന്റെ വരവ്. അശ്വിനുമുന്നില്‍ മു‌ട്ടുമ‌ക്കിയ 5 ഓസ്ട്രേലിയന്‍ കളക്കാരില്‍ നാലും ഇടംകയ്യന്മാരാണ്.

Ashwin got australian left handers