രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനൊപ്പം നടൻ മാമുക്കോയയുടെ പ്രശസ്തമായ കീലേരി അച്ചു എന്ന കഥാപാത്രത്തെ റീൽസാക്കി അവതരിപ്പിച്ച് മലയാളികളെ ഞെട്ടിച്ചത് യുസ്‍വേന്ദ്ര ചെഹലായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അടുത്ത റീൽസ് ഇനി എന്തായിരിക്കും എന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ ഒരു ഫോട്ടോ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തു രസിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 

 

സഞ്ജുവിനൊപ്പം കറുത്ത മുണ്ട് ഉടുത്ത് നിൽക്കുന്ന ചേഹലിന്റെ ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. മുണ്ടുടുത്ത് നിൽക്കുന്ന ചേഹൽ മസിൽ പിടിച്ചു നിൽക്കുന്ന ചിത്രമാണ് രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്. മുണ്ടിനു കടപ്പാട് സഞ്ജുവിനാണെന്ന് കൂടെ ഒരു ക്യാപ്‌ഷനും നൽകിയിട്ടുണ്ട് രാജസ്ഥാൻ റോയൽസ്. മാത്രമല്ല രാജസ്ഥാൻ റോയൽസിൻറെ വെടിക്കെട്ട് താരം ഷിമ്രോൻ ഹെറ്റ്‌മെയറും മുണ്ട് ഉടുത്ത്  നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിലടക്കം ശ്രദ്ധേയമായി. 

 

നേരത്തെ സഞ്ജു സാംസണുമായി ചേർന്നുണ്ടാക്കിയ വിഡ‍ിയോയിലാണ് മാമുക്കോയയുടെ കീലേരി അച്ചു എന്ന കഥാപാത്രത്തെ ചെഹൽ ഗംഭീരമാക്കിയത്. ‘എന്നോട് കളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാടാ.. എന്നു വി‍ഡിയോയിൽ ചെഹൽ ചോദിക്കുന്നു. പ്രതികരണവുമായി സഞ്ജു എത്തിയതോടെ ‘ഞങ്ങളോടു രണ്ടാളോടു കളിക്കാൻ ആരുണ്ടടാ’ എന്നായി ചെഹൽ. സംഗതി നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു 

 

‘‘കീലേരി ചെഹൽ ഇൻ ടൗൺ, യുസി മലയാളം പഠിക്കാനുള്ള സമയമാണിത്’’– ആദ്യം ഷെയർ ചെയ്ത വീഡിയോക്ക് സഞ്ജു നൽകിയ ക്യാപ്‌ഷൻ ഇങ്ങനെ ആയിരുന്നു. മുണ്ട് ഉടുപ്പിച്ച് ടീമിലെ താരങ്ങളെയെല്ലാം സഞ്ജു മലയാളികളാക്കും എന്നാണ് ഒരു കമന്റ്. ഇനിയും പലതും കാണാനിരിക്കുന്നു എന്ന് മറ്റൊരു കമന്റ്.  'കീലേരി ചഹല്‍' ഇപ്പോള്‍ മുണ്ടുടുത്ത് ഇറങ്ങിയിരിക്കുന്നു എന്ന് വേറൊരു കമന്റ്. എന്തായാലും രസകരമായ മലയാളം കമന്റുകളുമായി ആരാധകരും സഞ്ജുവിന്റെ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുകയാണ്.