TAGS

പത്താം വട്ടം ചെന്നൈ സൂപ്പര്‍ കിങ്സിനെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ചിരിക്കുകയാണ് ധോണി. പ്ലേഓഫില്‍ ഗുജറാത്തിന് എതിരെ മതീഷ് പതിരാനയുടെ കൈകളിലേക്ക് പന്ത് നല്‍കാന്‍ ധോണി പ്രയോഗിച്ച തന്ത്രം ഉള്‍പ്പെടെ ചര്‍ച്ചയാവുന്നതിന് ഇടയില്‍ ധോണി കരഞ്ഞ സംഭവം വെളിപ്പെടുത്തുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്.

 

2018ലാണ് സംഭവം. ഒരു സ്പോര്‍ട്സ് മാധ്യമത്തോട് സംസാരിക്കവെ ഹര്‍ഭജന്‍ സിങ് പറഞ്ഞത് ഇങ്ങനെ. ഒരു കഥ ഞാന്‍ നിങ്ങളോട് പറയാം. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലിലേക്ക് തിരിച്ചുവന്ന സമയം ഒരു ഡിന്നറുണ്ടായിരുന്നു.  പുരുഷന്മാര്‍ കരയാറില്ലെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ അന്ന് രാത്രി ധോണി കരയുന്നത് ഞാന്‍ കണ്ടു, ഹര്‍ഭജന്‍ സിങ് പറയുന്നു. 

 

ഏറെ വൈകാരികമായിട്ടാണ് ധോനി പ്രതികരിച്ചത്. ഈ സംഭവത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നതായി ഇമ്രാന്‍ താഹിറും പറയുന്നു. ധോണിക്ക് അത് വൈകാരികമായ നിമിഷമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെ ധോനി സ്വന്തം കുടുംബത്തെ പോലെയാണ് കാണുന്നത് എന്നും ഇമ്രാന്‍ താഹിര്‍ പറയുന്നു.