‘കുറഞ്ഞത് ഇരുപത്തഞ്ചുവര്‍ഷത്തേയ്ക്ക് ഇതുപോലൊരു കായിക താരത്തെ നമുക്ക് കാണാനാകില്ല.  അങ്ങനെയൊരാള്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു’. റൊളാങ് ഗാരോസില്‍ നൊവാക് ജോക്കോവിച്ച് ഇരുപത്തിമൂന്നാം ഗ്രാന്‍സ്‍ലാം കിരീടം ഉയര്‍ത്തിയപ്പോള്‍ സാനിയ മിര്‍സയുടെ വാക്കുകള്‍. മൂന്നാംഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ ജോക്കോയ്ക്കും അത് ബോധ്യമുണ്ടാകണം. ചരിത്ര നിമിഷത്തില്‍ എതിരാളിയായ കാസപര്‍ റൂഡിനെ അഭിനന്ദിച്ചുകൊണ്ട് ജോക്കോയുടെ വാക്കുകള്‍ സൂചനമാത്രം.

 

‘കാസ്പര്‍ , ഈ ടൂര്‍ണമെന്റിനെ ഏറ്റവും മികച്ച വ്യക്തികളിലൊരാളാണ് താങ്കള്‍. പരിശീലകരും ജനങ്ങളുമെല്ലാം താങ്കളെ ഇഷ്ടപ്പെടുന്നു. ഇന്നത്തെ മല്‍സരഫലത്തെക്കുറിച്ച് എനിക്ക് ഖേദമുണ്ട്. എങ്കിലും ഏറ്റവും മികച്ച രീതിയിലാണ് ഈ ടൂര്‍ണമെന്റ് താങ്കള്‍ അവസാനിപ്പിക്കുന്നത്. രണ്ടുമൂന്നുകൊല്ലമായി സ്ഥിരതയാര്‍ന്ന കളി പുറത്തെടുക്കുന്നയാളാണ് താങ്കള്‍, കഴിഞ്ഞവര്‍ഷം ഫൈനലിലെത്തി, ഈ വര്‍ഷവും. കഴിഞ്ഞ അഞ്ചോആറോ ഗ്രാന്‍സ്‍ലാം  ടൂര്‍ണെന്റുകളില്‍ മൂന്നുനാലു ഫൈനലുകള്‍. താങ്കളുടെ ടെന്നിസിന്റെ മികവും സ്ഥിരതയും വ്യക്തമാക്കുന്നതാണത്. താങ്കള്‍ക്ക് എല്ലാ നന്മയും നേരുന്നു. ആരെയും ജയിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു, എന്നെയൊഴികെ..’

 

ജോക്കോയെക്കാളും പന്ത്രണ്ട് വയസ്സിന് ഇളപ്പമുള്ള കാസ്പര്‍ റൂഡ് എന്ന നോര്‍വെക്കാരന്റെ കണ്ണുകള്‍ നിറഞ്ഞു. ജോക്കോ പിന്നെയും എന്തൊക്കെയോ കാസ്പറിനോട് പറയുന്നുണ്ടായിരുന്നു.

 

മുപ്പത്തിയാറ് എന്നത് മുന്നേറ്റത്തിന്റെ മറ്റൊരു സംഖ്യമാത്രമാണെന്ന് ജോക്കെ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു അവിടെ. ഇരുപത്തിമൂന്ന് ഗ്രാന്‍സ്‍ലാം കിരീടങ്ങളില്‍ പതിനൊന്നും നേടിയത് ജോക്കോ മുപ്പത്തുപിന്നിട്ടശേഷമാണെന്ന് ഓര്‍ക്കണം. അതുകൊണ്ടാണ് സാനിയ പറഞ്ഞത്... ഇതുപോലൊരു കായിക താരത്തെ കുറഞ്ഞത് ഇരുപത്തഞ്ചുവര്‍ഷത്തേയ്ക്കെങ്കിലും നമുക്ക് കാണാനാകില്ല എന്ന്. ജോക്കോയ്ക്ക് തൊട്ടുപിന്നില്‍ ഇരുപത്തിരണ്ട് ഗ്രാന്‍സ്‍ലാം കിരീടവുമായി സ്പാനിഷ് താരം റാഫേല്‍ നദാലിന് ഇനി എത്രനാള്‍ കളിക്കളില്‍ തുടരാനാകും എന്നത് സംശയമാണ്. ഈവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണിലെ രണ്ടാംറൗണ്ടില്‍ വേദനകൊണ്ടുപുളയുന്ന റാഫയെ അതിനെക്കാള്‍ വലിയ വേദനയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്. ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങിയതോടെ  2003 ന് ശേഷം ആദ്യമായി  ഈ മുപ്പത്തിയേഴുകാരന്‍  ആദ്യ നൂറുറാങ്കിന് താഴെപ്പോകുമെന്ന നിലയിലായി. വിംബിള്‍ഡണില്‍ റാഫ എത്തുമോയെന്നും സംശയമാണ്.

 

പീറ്റ് സാംപ്രസ്, ആന്ദ്രേ ആഗസി യുഗത്തിന് ശേഷം പുതിയ നൂറ്റാണ്ടിലെ നക്ഷത്രത്രയങ്ങള്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്. ഇതില്‍ ഏറ്റവും തിളക്കമുള്ളതാര്‍ക്ക് എന്ന പരസ്പരം നമ്മള്‍ പന്തയംവച്ച പതിറ്റാണ്ടുകള്‍.  പതിനാലുതവണ റൊളാങ് ഗാരോസില്‍ മാസ്കറ്റീയേഴ്സ് ട്രോഫി ഉയര്‍ത്തിയപ്പോള്‍ റാഫയ്ക്കായിരുന്നു വെള്ളിത്തിളക്കം. പിന്നീട് റോജറും റാഫയും മാറിമാറി കിരീടങ്ങള്‍ ചൂടി. ഇടയ്ക്കൊക്കെ വരവറിയിച്ച് ജോക്കോയും. പതിയെത്തുടങ്ങി വേഗമാര്‍ജിക്കുന്ന മാരത്തണ്‍പോലെയാണ് ജോക്കോയുടെ യാത്രയെന്നു വേണമെങ്കില്‍ പറയാം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വിടവാങ്ങല്‍ മല്‍സരത്തില്‍ ലേവര്‍കപ്പ് ഡബിള്‍സ് ഫൈനലില്‍ കളിക്കളത്തില്‍ തന്റെ എല്ലാക്കാലത്തെയും വലിയ എതിരാളിയായിരുന്ന റാഫേല്‍ നദാലുമൊന്നിച്ച് ഇറങ്ങിയെങ്കിലും ജാക് സ്റ്റോക്ക്–ഫ്രാന്‍സ് തിയാഫോ സംഖ്യത്തോട് തോല്‍ക്കുകയായിരുന്നു. അന്ന് റോജറെക്കാള്‍ കണ്ണീര്‍വാര്‍ത്ത റാഫയുടെ സങ്കടം ലോകം കണ്ടു. റാഫയുടെ മടങ്ങിവരവിന് ഇനി എത്രത്തോളം സാധ്യതയുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജോക്കോയുടെ പോരാട്ടങ്ങളെ നാം കാണ്ടേണ്ടത്.

 

കരിയര്‍ ഗ്രാന്‍സ്‍ലാം ജോക്കോയുടെ കണ്‍മുന്നിലാണ്. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍, ഫ്രഞ്ച് കിരീടങ്ങള്‍ ഒരുപക്ഷേ സ്പെയിനിലെ മാര്‍ബെല്ലയിലെ വീട്ടിലെ അമൂല്യവസ്തുക്കളോടൊപ്പമാകണം. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ശേഷിക്കുന്നത് വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍.1969–ല്‍ റോഡ് ലേവര്‍ നാലുഗ്രാന്‍സ്‍ലാം കിരീടങ്ങള്‍ നേടിയ ശേഷം മറ്റാര്‍ക്കും സാധ്യമാകാത്ത സ്വപ്നം. പഴകുന്തോറും വീര്യംകൂടുന്ന ജോക്കോയ്ക്ക് അസാധ്യമായതല്ല അവ രണ്ടും. റൊളാങ് ഗാരോസില്‍ തന്നെ അതു നമ്മള്‍ കണ്ടതാണല്ലോ. ആദ്യ സെറ്റില്‍ മാത്രമാണ് ജോക്കോ അല്‍പം ക്ഷീണിതനായി തോന്നിയത്. മികച്ച റിട്ടേണുകളിലൂടെയും ക്രോസ് കോര്‍ട്ട് വോളികളിലൂടെയും കാസ്പര്‍ ജോക്കോയെ അല്‍പം അതിശയിപ്പിച്ചുവെന്നത് വാസ്തവം. പക്ഷേ നാലുഗെയിം പിന്നിട്ടതോടെ  ജോക്കോയുടെ കരുത്താര്‍ജിച്ചു. കാസ്പറിന്  തൊടാന്‍പോലും പറ്റാത്ത ഫോര്‍ഹാന്‍ഡ് ലൈന്‍ ഷോട്ടുകള്‍, കുറുകെ കടന്നുപോയ, രണ്ടുകയ്യുംചേര്‍ത്തുപിടിച്ച ബാക്ക്ഹാന്‍ഡ് ഷോട്ടുകള്‍ . ഒടുവില്‍ ടൈബ്രേക്കറില്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും കാസ്പര്‍ തിരിച്ചറിയന്നതിന് മുമ്പ് ജോക്കോ 7–1 ന് സെറ്റ് പിടിച്ചു. എണ്‍പത്തിയൊന്നുമിനിറ്റ് നീണ്ടു ആദ്യസെറ്റ് . പിന്നെയല്ലാം ചരിത്രം. അതിന് സാക്ഷിയാകാനും ഇതിഹാസങ്ങള്‍.. ഫ്രഞ്ച് ഫുട്ബോള്‍ പടനായകന്‍ കിലിയന്‍ എംബപ്പെ, സഹതാരം ഒലിവര്‍ ജിറൂഡ് സ്വീഡന്റെ സൂപ്പര്‍ താരം ഈയിടെ വിരമിച്ച സ്‌ലാറ്റന്‍ ഇബ്രാഹിമോവിച്ച്, എന്‍.എഫ്.എല്‍ ഇതിഹാസം ടോം ബ്രാഡി എന്നിവരൊക്കെ ഗാലറിയിലുണ്ടായിരുന്നു. കപ്പ് നല്‍കാനെത്തിയതോ ഫ്രഞ്ച് ടെന്നിസീന്റെ പാരമ്പര്യം ഉറപ്പിച്ച യാനിക് നോവയും..

ജോക്കോ അതെല്ലാം ആസ്വദിച്ചു

ഒന്‍പതുവര്‍ഷം മുമ്പ് ഇതേ റൊളാങ് ഗാരോസിലെ ആ മഴദിനം ഓര്‍മയില്ലേ. കുടയുമായെത്തിയ ബോള്‍ബോയിയെ അടുത്തുപിടിച്ചിരുത്തി, കുട ഏറ്റുവാങ്ങി, റാക്കറ്റ് അവനെ ഏല്‍പ്പിച്ച്, അതിന്റെ വിശേഷങ്ങള്‍ പറഞ്ഞ്, കാണികളോട് അവന് വേണ്ടി കയ്യടിക്കാന്‍ പറഞ്ഞ്, കിറ്റില്‍ നിന്ന് ഡ്രിങ്ക് എടുത്ത് അവനുകൊടുത്ത്, ചീയേല്സ് പറഞ്ഞ് ആസ്വദിച്ച ജോക്കോയെ.....പുതിയ തലമുറയോടുള്ള ജോക്കോയുടെ കരുതല്‍ ഇതിഹാസ നിമിഷത്തിലും കണ്ടു. ജോക്കോ പറഞ്ഞു.

‘എന്റെ മക്കള്‍ ഇവിടെയുണ്ട്. ഞാന്‍ വിചാരിക്കുന്നത് അവര്‍ ആനന്ദിക്കുന്നുവെന്നാണ്...യുവാക്കളോട് എനിക്കൊരു സന്ദേശമുണ്ട്....എനിക്ക് ഏഴുവയസ്സുള്ളപ്പോള്‍ വിംബിള്‍ കിരീടം നേടുന്നതും ഒരുദിവസം ലോക ഒന്നാംനമ്പര്‍ താരമാകുന്നതും സ്വപ്നം കണ്ടിരുന്നു. ധാരാളം റെക്കോഡുകളുമായി അനുഗ്രവഹവുമായാണ് ഇപ്പോള്‍ ഞാനിവിടെ നില്‍ക്കുന്നത്. എന്റെ വിധി സൃഷ്ടിക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ നിമിഷത്തില്‍ ജീവിക്കുക,നിങ്ങളുടെ വിധി സ്വയം സൃഷ്ടിക്കുക’

യുവാക്കളെ ഇത്രമേല്‍ കരുതുന്ന ജോക്കോ....മല്‍സരം നീളുന്തോറും വീര്യമേറുന്ന ജോക്കോ, പ്രായംകൂടുന്തോറും പ്രഹരശേഷി കൂടുന്ന ജോക്കോ....നേരത്തെ പറഞ്ഞ ആ മൂന്ന് നക്ഷത്രങ്ങളില്‍ നിനക്കാകും ഇനി തിളക്കം കൂടുതല്‍. പ്രിയവായനക്കാരാ.......ഈ നൂറ്റാണ്ടിന്റെ ആദ്യ വിംബിള്‍ഡണ്‍ മൂന്നാംറൗണ്ട് മല്‍സരത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. സാക്ഷാല്‍ പീറ്റ് സാംപ്രസ് സ്വന്തം നാട്ടുകാരനായ ജസ്റ്റിന്‍ ഗിമല്‍സ്റ്റോബിനെ നേരിടുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഗിമല്‍സ്റ്റോബ് 6–2 എന്ന സ്കോറിന് ആദ്യ സെറ്റ് നേടി. പക്ഷേ പിന്നെ അദ്ദേഹം സാംപ്രസിനെ കണ്ടില്ല എന്നുവേണം പറയാന്‍. സാംപ്രസ് 6–4, 6–2,6–2 എന്ന സ്കോറിന് തുടരെ മൂന്ന് സെറ്റ് നേടി അടുത്ത റൗണ്ടിലേക്ക്. അന്ന്  പീറ്റ് സാംപ്രസിനെക്കുറിച്ച് ,,ഗിമല്‍സ്റ്റോബ് ഇങ്ങനെ പറഞ്ഞു. അത് ഇംഗ്ലീഷില്‍ തന്നെ കുറിക്കുകയാകും ഉചിതം

" I think when he came out of his mother's womb ,God spent a little extra time on his right shoulder, just touched it"

ഫൈനലില്‍ സാംപ്രസ് പാട്രിക് റാഫറ്ററെ 6–7,7–6,6–4,6–2 എന്ന സ്കോറിന് തകര്‍ത്ത്  ഏഴാം വിംബിള്‍ഡണ്‍ കിരീടവും കരിയറിലെ പതിമൂന്നാം കിരീടവും നേടിയത് ചരിത്രം. സാംപ്രസിനെപ്പോലെ ,,,ഒരുപക്ഷേ അതിനെക്കാളേറെ,,,, മല്‍സരം നീളുന്തോറും കരുത്തുകൂടുന്ന ജീന്‍ ജോക്കോയില്‍ കാണാം നമുക്ക്. ഗ്രാന്‍സ്‍ലാം കിരീട റെക്കോഡില്‍ ജോക്കോയ്ക്ക് ഒപ്പം സെറീന വില്യംസും 24 ട്രോഫിയുമായി മാര്‍ഗററ്റ് സ്മിത് കോര്‍ട്ടും മാത്രം. അത് മറികടക്കുക അത്രവലിയ പ്രയാസമുള്ള ലക്ഷ്യമൊന്നുമല്ല. അതുകൊണ്ട് ജോക്കോ, വീണ്ടും വിംബിള്‍ഡണില്‍ കാണാം. 2000 ജൂലൈയില്‍ ഗിമല്‍സ്റ്റോബ് പറഞ്ഞത് ഇങ്ങനെ മാറ്റുന്നു

‘പ്രിയ ജോക്കോ....അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് വരുന്നതിന് മുമ്പ് ദൈവം താങ്കളുടെ രണ്ടുതോളുകളിലും കുറച്ചേറെ സമയം തലോടിയിട്ടുണ്ടാകണം’

ഗ്രാന്‍ഡ്സ്‌ലാം കിരീട നേട്ടങ്ങള്‍

നൊവാക് ജോക്കോവിച്ച്–23

റാഫേല്‍ നദാല്‍–22

റോജര്‍ ഫെഡറര്‍–20

പീറ്റ് സാംപ്രസ്–14

റോയ് എമേഴ്സണ്‍–12

ബ്യോണ്‍ ബോര്‍ഗ്–11

റോഡ് ലേവര്‍–11