2018 ന് ശേഷം ഫിഫ റാങ്കിങില്‍ ആദ്യ നൂറിലെത്തി ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം. സാഫ് ചാമ്പ്യൻഷിപ്പ് വിജയത്തിന് പിന്നാലെയാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 99 ാം സ്ഥാനത്ത് ഇന്ത്യ എത്തിയത്. നിലവില്‍ 1208.69 പോയിന്‍റുകളാണ് റാങ്കിങില്‍ ഇന്ത്യയ്ക്കുള്ളത്. അതേസമയം ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
1996 ല്‍ ഇന്ത്യ ഫിഫ റാങ്കിങില്‍ 94ാം സ്ഥാനത്തായിരുന്നു. 1993 ല്‍ 99ാം സ്ഥാനത്തും 2017 ലും 2018ലും 96ാം സ്ഥാനത്തും ഇന്ത്യ എത്തിയിരുന്നു. ഈ മാസം ആദ്യം ബെംഗളൂരുവിൽ വച്ച് നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സെമിയില്‍ ശക്തരായ ടീമുകളായ ലെബനനെയും ഫൈനലില്‍ കുവൈറ്റിനെയും പരാജയപ്പെടുത്തിയിരുന്നു.
ഒന്നാം സ്ഥാനത്തുള്ള അര്‍ജന്‍റീനയ്ക്കു പിന്നാലെയായി ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ 20ാം സ്ഥാനത്തുള്ള ജപ്പാനാണ് മുന്നിട്ടു നില്‍ക്കുന്നത്. 22ാം സ്ഥാനത്ത് ഇറാനും 27ാം സ്ഥാനത്ത് ഓസ്ട്രേലിയയും 28 ല്‍ കൊറിയയും 54ാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്.
FIFA Ranking; India secured 99th position