ഐപിഎല്‍ കടന്ന് വെസ്റ്റിന്‍ഡീസിന്റെ മണ്ണിലും ചരിത്രമെഴുതുകയാണ് ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‍സ്വാള്‍. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ഉജ്വല സെഞ്ചുറി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറി. റെക്കോര്‍ഡുകള്‍ ഈ 21കാരനുമുന്നില്‍ വഴിമാറുകയാണ്. അവയൊന്നും ഭാഗ്യം കൊണ്ടുമാത്രം ലഭിച്ചതല്ല. സഹനവും സമര്‍പ്പണവും കൊണ്ട് സൃഷ്ടിച്ച അടിത്തറയില്‍ നിന്നാണ് അവന്‍ നേട്ടങ്ങള്‍ ഒന്നൊന്നായി കയ്യടക്കുന്നത്. 

 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ തോറ്റ് തുന്നംപാടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റിന്‍ഡീസില്‍ എത്തിയത്. ലോര്‍ഡ്സിലെ കയ്പ്പേറിയ അനുഭവം മറക്കാന്‍ ഒന്നാം ടെസ്റ്റില്‍ത്തന്നെ ഇന്ത്യയ്ക്ക് വലിയ വിജയം ആവശ്യമായിരുന്നു. വിന്‍ഡീസ് പഴയ വിന്‍ഡീസ് അല്ലെങ്കിലും പൊരുതാന്‍ പോന്നവരായിരുന്നു. എന്നാല്‍ യശസ്വി ജയ്സ്വാള്‍ എന്ന അരങ്ങേറ്റക്കാരന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് സ്വപ്നതുല്യമായ തുടക്കം. ടെസ്റ്റ് കരിയറിലെ ആദ്യപന്ത് നേരിട്ട പയ്യന്‍ ആ ഇന്നിങ്സ് 387 പന്ത് വരെ കൊണ്ടുപോയി. 16 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 171 റണ്‍സാണ് അവന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍  150 റണ്‍സിലധികം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന പൊന്‍തൂവല്‍ തലയിലണിഞ്ഞു യശ്വസി. രാജ്യാന്തരക്രിക്കറ്റില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150ലേറെ റണ്‍സ് നേടുന്ന പ്രായംകുറഞ്ഞ അഞ്ചാമത്തെ താരം കൂടിയാണ് ജയ്സ്വാള്‍.

 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ തോല്‍വിക്ക് മിക്ക ഇന്ത്യന്‍ താരങ്ങളും പരീശീലകരും കമന്റേറ്റര്‍മാരും കുറ്റപ്പെടുത്തിയത് തിരക്കുപിടിച്ച ഐപിഎല്‍ ഷെഡ്യൂളിനെ ആയിരുന്നു. എന്നാല്‍ യശസ്വിക്ക് ഐപിഎല്‍ ആണ് ആത്മവിശ്വാസത്തിന്റെ അടിത്തറ നല്‍കിയത്. ഐപിഎല്ലിലെ ഓരോ പ്രകടനവും കളിക്കളത്തില്‍ പയ്യനെ പുതിയ ആളാക്കി. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവനോളം പരിശ്രമിച്ചവര്‍ അധികമില്ല. ഓരോ അവസരവും അവന് പൊന്നുംവിലയുള്ളതായിരുന്നു. ആത്മവിശ്വാസം അതിരുവിടാതിരിക്കാന്‍ അവന്‍ എപ്പോഴുമോര്‍ത്തത് കടന്നുവന്ന വഴികളെക്കുറിച്ചായിരുന്നു. ഓരോ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരവും ഏറ്റുവാങ്ങിയ ശേഷം അവന്‍ പറഞ്ഞത് അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളെക്കുറിച്ചാണ്, പിന്തുണച്ച മനുഷ്യരെക്കുറിച്ചാണ്. 

 

ഉത്തര്‍പ്രദേശിലെ ബദോഹിയിലെ ഒരു ചെറിയ ഹാര്‍ഡ്‍വെയര്‍ സ്റ്റോര്‍ ഉടമ ഭൂപേന്ദ്ര ജയ്‍സ്വാളിന്റെയും ഭാര്യ കാഞ്ചന്റെയും ആറ് മക്കളില്‍ നാലാമന്‍. യശസ്വി ഭൂപേന്ദ്ര കുമാര്‍ ജയ്സ്വാള്‍. കൂടപ്പിറപ്പുകളില്‍ ഒന്ന് ദാരിദ്ര്യമായിരുന്നു. ക്രിക്കറ്റ് മാത്രമായിരുന്നു മുന്നോട്ടുള്ള വഴിയെന്ന് പത്തുവയസാകും മുന്‍പ് അവന്‍ തീരുമാനിച്ചു. പതിനൊന്നാം വയസില്‍ ബദോഹിയില്‍ നിന്ന് മുംബൈയിലേക്ക് വണ്ടി കയറി. ആദ്യം ഒരു ബന്ധുവിന്റെ കൂടെയായിരുന്നു താമസം. ആസാദ് മൈതാനിയിലെ ക്രിക്കറ്റ് പരിശീലനം മോഹിച്ച് ദാദറിലേക്ക് താമസം മാറി. ഒരു ചെറിയ ഡയറി ഷോപ്പില്‍ ജോലിയും താമസവും. ക്രിക്കറ്റ് പരിശീലനം കാരണം ജോലിയില്‍ ശ്രദ്ധ കുറഞ്ഞതോടെ പയ്യനെ കടയുടമ പുറത്താക്കി. ആസാദ് മൈതാനിയിലെ ഗ്രൗണ്ട്സ്മാന്‍ ദയതോന്നി സ്വന്തം ടെന്റില്‍ തങ്ങാന്‍ ഇടം നല്‍കി. പിന്നെ മൂന്നുവര്‍ഷം ആ ടെന്റിലായിരുന്നു താമസം. പാനി പൂരി വിറ്റും ചെറുകിട ജോലികള്‍ ചെയ്തും ചെലവിന് പണം കണ്ടെത്തി. 

 

ഒടുവില്‍ 2013ല്‍ യശ‍സ്വിയുടെ ജീവിതം മാറ്റിമറിച്ച ആ കൂടിക്കാഴ്ച സംഭവിച്ചു. ക്രിക്കറ്റ് പരിശീലകന്‍ ജ്വാല സിങ് യശസ്വിയുടെ കളി കണ്ട്, പ്രതിഭ തിരിച്ചറിഞ്ഞു. താമസിക്കാന്‍ ഇടം നല്‍കി. ലോക്കല്‍ ഗാര്‍ഡിയനായി. ജ്വാല സിങ്ങിന്റെ പരിശീലനത്തില്‍ യശസ്വി വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടിത്തുടങ്ങി. 2015ല്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഗൈല്‍സ് ഷീല്‍ഡ് മല്‍സരത്തില്‍ 319 റണ്‍സും 13 വിക്കറ്റും നേടിയതാണ് കരിയറിലെ ആദ്യ വഴിത്തിരിവ്. ആ പ്രകടനം മുംബൈ അണ്ടര്‍ 16 ടീമിലേക്ക് വഴിയൊരുക്കി. 2019 ജനുവരിയില്‍ മുംബൈ രഞ്ജി ടീമില്‍ അരങ്ങേറ്റം. അതേവര്‍ഷം ലിസ്റ്റ് എ മല്‍സരത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററായി. തൊട്ടുപിന്നാലെ ഏഷ്യാകപ്പിനും ലോകകപ്പിനുമുള്ള ഇന്ത്യ അണ്ടര്‍ 19 ടീമുകളില്‍ ഇടംനേടി. നാല് ഇന്നിങ്സില്‍ ഒരു സെഞ്ചുറിയടക്കം 328 റണ്‍സ് നേടി ഏഷ്യാകപ്പിലെ താരമായി. 

 

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കുവേണ്ടി 16 മല്‍സരങ്ങളില്‍ നിന്ന് 84 ശരാശരിയില്‍ 2016 റണ്‍സാണ് യശസ്വി അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ മല്‍സരങ്ങളില്‍ 54 ശരാശരിയില്‍ 1511 റണ്‍സാണ് സമ്പാദ്യം. ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ക്ലാസിക് ശൈലിയില്‍ ബാറ്റ് വീശിയ പയ്യന്‍ ട്വന്റി ട്വന്റിയിലെത്തിയപ്പോള്‍ സാങ്കേതിക മികവിനൊപ്പം ആക്രമണോല്‍സുകതയും കൂട്ടിച്ചേര്‍ത്തു. 57 ടി–ട്വന്റി മല്‍സരങ്ങളില്‍ നിന്ന് 1578 റണ്‍സ്. സ്ട്രൈക്ക് റേറ്റ് നൂറ്റി നാല്‍പ്പത്തിനാല്.  2020 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 2.4 കോടി രൂപയ്ക്ക് യശസ്വിയെ ടീമിലെത്തിച്ചതോടെ താരത്തിന്റെ കരിയറും ജീവിതവും മാറിമറിഞ്ഞു. 2023 സീസണില്‍ തന്നെയായിരുന്നു യശസ്വിയുടെ ഏറ്റവും മികച്ച ഐപിഎല്‍ പ്രകടനം. ഐപിഎലില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ജയ്സ്വാള്‍. ഈ സീസണില്‍ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് സ്വന്തമാക്കിയ താരം ഇന്ത്യന്‍ ടീമിലും ഇടംപിടിച്ചു. 37 മല്‍സരങ്ങളില്‍1172 റണ്‍സാണ് ഐപിഎല്‍ കരിയറിലെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 149. ടെസ്റ്റ് അരങ്ങേറ്റവും ഉജ്വലമായതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി യശസ്വിയെ ഉയര്‍ത്തിക്കാട്ടുകയാണ് ക്രിക്കറ്റ് പണ്ഡിതര്‍.

 

താരപ്പൊലിമ ഇതുവരെ യശസ്വിയുടെ വ്യക്തിത്വത്തെ ബാധിച്ചിട്ടില്ല എന്നതാണ് ഈ യുവാവില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ ക്രിക്കറ്റ് പ്രേമികളെ പ്രേരിപ്പിക്കുന്നത്. ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ അനുഭവങ്ങള്‍ മറച്ചുവയ്ക്കാന്‍ മുതിരാത്ത പയ്യന്‍ അത്തരം അനുഭവങ്ങളെ ഇമേജ് ഉയര്‍ത്താന്‍ ഉപയോഗിക്കുന്നില്ല എന്ന മെച്ചം കൂടിയുണ്ട്. അച്ചടക്കമാണ് കളിക്കളത്തിലെ എല്ലാ മികവിന്റെയും അടിസ്ഥാനം എന്ന് ആവര്‍ത്തിച്ചുപറയുന്ന യശസ്വി മാനസികമായ കരുത്ത് കൂട്ടുന്നതും കളിക്കളത്തിലും പുറത്തും പുലര്‍ത്തുന്ന അച്ചടക്കം വഴിയാണ്. രാജ്യത്തെങ്ങുമുള്ള ക്രിക്കറ്റ് മൈതാനങ്ങളില്‍ പ്രതീക്ഷയോടെ പരിശീലിക്കുന്ന പ്രതിഭകള്‍ക്ക് മാത്രമല്ല, ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്ന യുവത്വത്തിനൊന്നാകെ പ്രചോദനമാകാന്‍ അവന് കഴിയുന്നതും അതുകൊണ്ട് തന്നെ.