TOPICS COVERED

ബെംഗളൂരു ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് എതിരെ ഇന്ത്യ എട്ട് വിക്കറ്റ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ കെ.എല്‍.രാഹുലില്‍ നിന്ന് വന്നൊരു പെരുമാറ്റമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മത്സരം കഴിഞ്ഞതിന് ശേഷം ഗ്രൗണ്ടില്‍ തൊട്ട് വണങ്ങുകയായിരുന്നു രാഹുല്‍. ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരമാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ പിന്നാലെ ഉയര്‍ന്നത്. 

രാഹുലിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. ഐപിഎല്ലില്‍ 2013 മുതല്‍ 2016 വരെ രാഹുല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിരുന്നു. ന്യൂസീലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സിനുമാണ് രാഹുല്‍ പുറത്തായത്. 

ചിന്നസ്വാമി സ്റ്റേ‍ഡിയത്തിലെ രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരമാണോ ഇത്, രാഹുലിന്റെ ഇന്ത്യക്കായുള്ള അവസാന ടെസ്റ്റ് മത്സരമാണോ ഇത് എന്നെല്ലാമാണ് ആരാധകരുടെ ചോദ്യങ്ങള്‍. ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം സുരക്ഷിതം അല്ലെന്ന ബോധ്യം രാഹുലിന് ഉണ്ടെന്നും കമന്റുകള്‍ നിറയുന്നു. 

53 ടെസ്റ്റുകളാണ് രാഹുല്‍ ഇതുവരെ ഇന്ത്യക്കായി കളിച്ചത്. 91 ഇന്നിങ്സില്‍ നിന്ന് നേടിയത് 2981 റണ്‍സ്. 199 ആണ് ഉയര്‍ന്ന സ്കോര്‍. ബാറ്റിങ് ശരാശരി 33.88. 15 വട്ടം റെഡ് ബോള്‍ ക്രിക്കറ്റില്‍ രാഹുല്‍ അര്‍ധ ശതകം കണ്ടെത്തിയിട്ടുണ്ട്. 

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 107 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് മറികടന്നത്. 36 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലെ ന്യൂസീലന്‍ഡിന്റെ ആദ്യ ടെസ്റ്റ് ജയമായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനെ ഡക്കാക്കി ബുമ്ര മടക്കിയെങ്കിലും വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് വലിയ അപകടങ്ങളില്ലാതെ ന്യൂസീലന്‍ഡിനെ ജയിപ്പിച്ചു കയറ്റി.