ഇന്ത്യാ – പാക് ക്രിക്കറ്റ് മത്സരം ലോകമെമ്പാടുമുള്ള ആരാധകര്‍ക്കു എന്നും ആവേശമാണ്. മത്സരത്തിനിടയിലെ ഓരോ നിമിഷങ്ങളും കാണികളുടേയും കളിക്കാരുടേയും മനസില്‍ എക്കാലവും മായാതെ നില്‍ക്കും. അത്തരം ഒരു രംഗം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. 

 

കൊച്ചിയിൽ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പങ്കുവച്ചത്. എല്ലാവരും ‘സച്ചിൻ, സച്ചിൻ’ എന്നു വിളിച്ചപ്പോൾ, ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള സമയമാണിതെന്ന് ധോണിക്ക് അറിയാമായിരുന്നെന്ന് ശ്രീശാന്ത് പറഞ്ഞു. അന്നു നെറ്റ്‌സിൽ പന്തെറിയാനെത്തിയതായിരുന്നു താന്‍. 

 

‘‘കേരളത്തിൽ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് മുൻപ് ജോൺ റൈറ്റ് (അന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ) എന്നെ നെറ്റ്സിൽ പന്തെറിയാൻ വിളിച്ചു. കൊച്ചിയാണ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നു. എല്ലാവരും ‘ഇന്ത്യ, ഇന്ത്യ, സച്ചിൻ, സച്ചിൻ’ എന്ന് വിളിക്കുന്നു. ഈ സമയം ധോണി ഭായ് ഞങ്ങളോടു വന്നു സംസാരിച്ചു. ഈ കഥ ഞാൻ എവിടെയും പങ്കുവച്ചിട്ടില്ല. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ, ധോണി ഭായ് പറഞ്ഞു ‘എനിക്ക് സ്വയം പ്രകടിപ്പിക്കാൻ ആഗ്രഹമുണ്ട്. എനിക്ക് സ്വയം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല.’– ശ്രീശാന്ത് പറ‍ഞ്ഞു.

 

ധോണി തന്റെ പ്രതിഭ തെളിയിക്കാൻ ഉത്സാഹം കാട്ടിയപ്പോൾ, ഭാവിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള താൽപര്യം താനും മറച്ചുവച്ചില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ‘‘എന്റെ കൂടെ കേരളത്തിൽ നിന്ന് ഒരു കളിക്കാരൻ കൂടി ഉണ്ടായിരുന്നു. ധോണി ഞങ്ങളോട് സംസാരിക്കുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തോടു തമാശയായിപറഞ്ഞു, ‘ധോനി ഭായ്, ഞങ്ങളും 1-2 വർഷത്തിനുള്ളിൽ ടീമിൽ വരും’. അപ്പോൾ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു, ‘അതെ, ഉറപ്പാണ്. എന്തുകൊണ്ട് ഇല്ല,കഠിനാധ്വാനം തുടരുക.’’ ശ്രീശാന്ത് കൂട്ടിച്ചേർത്തു. ഈ സംഭവം തന്റെ ആത്മകഥയിലും ചേർക്കുമെന്ന് ശ്രീശാന്ത് അഭിമുഖത്തിൽ പറഞ്ഞു.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.